മണ്‍വിള അഗ്നിബാധ: തീയിട്ടത് തങ്ങളാണെന്ന കുറ്റസമ്മതവുമായി ജീവനക്കാര്‍

By Web TeamFirst Published Nov 10, 2018, 2:37 PM IST
Highlights

പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.അനില്‍കുമാര്‍ പറഞ്ഞു.  പ്ലാസ്റ്റിക് സാധനങ്ങള്‍ പാക്കുചെയ്യുന്ന കവറില്‍ ലൈറ്റര്‍കൊണ്ട് വിമല്‍ തീകൊളുത്തി  ഇടുകയായിരുന്നു. വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് ബിനുവായിരുന്നു.അതേസമയം പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. സംഭവം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികളായ രണ്ടുപേരെയും ചോദ്യംചെയ്തതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ടായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിമലിനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്തത്. വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. പ്രതികളിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്ന് ജീവനക്കാരില്‍ ഒരാള്‍ പൊലീസിന് മൊഴിയും കൊടുത്തിരുന്നു.

ഫാക്ടറിയിലുണ്ടായ  തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയര്‍ഫോഴ്സും വെളിപ്പെടുത്തിയിരുന്നു. തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് വ്യക്തമാക്കിയിരുന്നു.

click me!