ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

By Web TeamFirst Published Nov 10, 2018, 1:51 PM IST
Highlights

 ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തട‌‌ഞ്ഞത് തെറ്റെന്നും മണ്ഡലകാലത്തും ശബരിമലയിൽ സംഘർഷത്തിന് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.

കൊച്ചി: ശബരിമലയിൽ നിലവിലെ സ്ഥിതി തുടർന്നാൽ മണ്ഡലകാലം സംഘർഷഭരിതമാകുമെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ മുന്നറിയിപ്പ്. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. ചിലർ ഇരുമുടിയില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരം ലംഘിച്ചു. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയിലെത്തുക. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും സാഹചര്യം മുതലെടുക്കാനിടയുണ്ടെന്നും ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യൽ കമ്മീഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യൽ കമ്മീഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്നത്. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. ചിലർ ഇരുമുടിയില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരം ലംഘിച്ചു. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയിലെത്തുക.

നിലവിലെ സ്ഥിതി തുടർന്നാൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് ജീവപായം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സുരക്ഷ ഭീഷണിയുള്ള തീർത്ഥാടന കേന്ദ്രമാണ് ശബരിമല. നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേര് പറഞ്ഞാണ്. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധങ്ങളിൽ നിയന്ത്രണം വരുത്തണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ സ്പെഷ്യൽ കമ്മീഷണർ പറയുന്നു. ശബരിമലയിലെത്തുന്ന യുവതികളെ തടയാൻ മണ്ഡലകാലത്ത് കോൺഗ്രസ് രംഗത്തുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. സമാധാനപരമായാകും പ്രതിഷേധം.

ഇതിനിടെ ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയെ നിയമപരമായി നേരിടുമെന്ന് അയ്യപ്പധര്‍മ്മ സേനാ പ്രസിഡന്‍റ് രാഹുൽ ഈശ്വർ പറഞ്ഞു. യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് കോടതിയിൽ നിലപാടെടുത്താൽ ബോർഡിന്‍റെ ക്ഷേത്രത്തിലേക്ക് പണം നൽകരുതെന്ന പ്രചാരണങ്ങളെ പിന്തുണക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

click me!