വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റ് പോസ്റ്ററുകള്‍

By Web TeamFirst Published Dec 30, 2018, 2:59 PM IST
Highlights

ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുകയായിരുന്നു സർക്കാർ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചൻ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു

മലപ്പുറം: വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചു. വനിതാ മതിൽ വർഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുകയായിരുന്നു സർക്കാർ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചൻ ചിന്താഗതിയെന്നും പോസ്റ്ററിൽ പറയുന്നു. 

ഇന്നലെ കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മലപ്പുറത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 

അമ്പായത്തോട്ടില്‍ കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം കണ്ണൂരിലും പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയിൽ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ  മൂന്ന് പേർ സ്ത്രീകളായിരുന്നു.

click me!