
മറയൂര്‍ കാരയൂര്‍ ചന്ദന റിസര്‍വില്‍ നിന്ന് നൂറ്റി പത്ത് കിലോ വരുന്ന രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. വനം വകുപ്പ് നടത്തിയ ത്വരിതാന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തൊണ്ടി മുതല്‍ കണ്ടെത്തി. കുണ്ടേശ്വരന്‍ കോവില്‍ ഭാഗത്ത് നിന്ന് മുറിച്ച് കടത്തിയ ചന്ദലത്തടികള്‍ ചന്ദ്രമണ്ഡലം ഭാഗത്തെ യൂക്കാലി കാടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ 5.30 മണിയോട് കൂടി ചന്ദന സംരക്ഷണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന താത്കാലിക വാച്ചര്‍മാരാണ് ചന്ദനം മരം മോഷ്ടിക്കപ്പെട്ടത് കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് മറയൂര്‍ ഡോഗ് സ്‌ക്വഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ വീണ്ടെടുത്തത്.
ഡെപ്യൂട്ടി റെയ്ഞ്ചര്‍ പ്രിജേഷിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഒമാരായ സുനില്‍ കുമാര്‍, ബൂണ്‍ തോമസ്, അനൂപ് കുമാര്‍. ബി.എഫ്.ഒ മാരായ ആര്‍ സുമേഷ്, റോബര്‍ട്ട് ലാല്‍, റ്റിജി മോന്‍, ഫോറസ്റ്റ് വാച്ചര്‍മാരായ എ.ശിവന്‍, കെ.തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
കാരയൂര്‍, കുണ്ടക്കാട് മേഖലകളിലെ ചന്ദന ചോലകള്‍ക്കുള്ളില്‍ കാട്ടനകളുടേയും കാട്ട് പോത്തിന്റേയും സാമീപ്യമുള്ളതിനാല്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് കൊണ്ടുള്ള അന്വേഷണം ശ്രമകരമാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും പയസ് നഗര്‍ സാന്റല്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പ്രിജേഷ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam