കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ വന്‍തിരിച്ചിലിന് തുടക്കമിട്ട് സൈന്യം

By Web DeskFirst Published May 5, 2017, 7:39 AM IST
Highlights

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളെ പിടികൂടാന്‍ ഏറ്റവും വലിയ തിരച്ചില്‍ ദൗത്യത്തിന് സൈന്യം തുടക്കമിട്ടു. സൈന്യത്തിനെതിരായ അക്രമങ്ങളും പതിവായി മാറിയിരിക്കുന്ന കശ്മീരില്‍ അക്രമികളെയും തീവ്രവാദി സംഘടനകളോട് ആഭിമുഖ്യമുള്ളവരെയും ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് 4000 സൈനികര്‍ ഉള്‍കൊള്ളുന്ന തിരച്ചില്‍ ദൗത്യം ആരംഭിച്ചത്. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയും തിരച്ചിലിലുണ്ട്.

തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ 20 ഗ്രാമങ്ങളില്‍ സൈന്യവും പോലീസും അര്‍ദ്ധസൈനിക വിഭാഗവും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തെരച്ചില്‍ തുടങ്ങി. നാട്ടുകാര്‍ സൈനികര്‍ക്കെതിരേ ശക്തമായ കല്ലേറും നടത്തുന്നുണ്ട്. കശ്മീര്‍ താഴ്‌വാരത്ത് ഒരു ദശകത്തിനിടയില്‍ നടക്കുന്ന ഏറ്റവും വലിയ തെരച്ചിലുകളില്‍ ഒന്നാണ് ഇതെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് പേരെയാണ് ശ്രീനഗര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇമാംസാഹിബില്‍ വെച്ച് 62 രാഷ്ട്രീയ റൈഫിള്‍സിലെ പെട്രോള്‍ പാര്‍ട്ടിയെ ഭീകരര്‍ നേരത്തേ ആക്രമിച്ചതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. അടുത്തിടെ 30 തീവ്രവാദികള്‍ ഒരു ഫലോദ്യാനത്തിലൂടെ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തെരച്ചിലിന് സൈന്യം തയ്യാറെടുത്തത്. 1990 ന് ശേഷം വീടുകള്‍ തോറും അന്വേഷണം നടത്തുന്ന പരിപാടി സൈന്യം അവസാനിപ്പിച്ചിരിക്കുകയായിരുന്നു. 

വീട്ടില്‍ തെരച്ചില്‍ നടക്കുമെന്നും അതുകൊണ്ട് എല്ലാവരും വീടിന്റെ പൊതു ഇടത്തില്‍ ഉണ്ടാകണമെന്നും സൈന്യം നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. തീവ്രവാദികളെ കയ്യില്‍ നിന്നും വഴുതിപ്പോകാതിരിക്കാന്‍ പിന്നില്‍ നിന്നുള്ള തുടച്ചു നീക്കലാണ് സൈന്യം നടത്തുന്നത്.  കുള്‍ഗാം ജില്ലയിലെ ഖുദ്‌വാനിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഈ ആഴ്ച ആദ്യം കുള്‍ഗാമില്‍ അഞ്ച് സൈനികര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹിസ്ബ് തലവന്‍ ഉമര്‍ മജീദിന്റെ തലയ്ക്ക് ജമ്മു കശ്മീര്‍ പോലീസ് 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ വീടുതോറുമുള്ള ഇത്തരം തെരച്ചിലില്‍ കശ്മീര്‍ യുവതികള്‍ക്ക് നേരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആരോപിക്കപ്പെട്ടിരുന്നു.

click me!