കോൺഗ്രസ് നേതാക്കൾ ഇദ്ദേഹത്തെ കയറൂരി വിട്ടിരിക്കുകയാണോ?ബല്‍റാമിനെതിരെ എം ബി രാജേഷ്

By Web TeamFirst Published Feb 25, 2019, 1:58 PM IST
Highlights

നേരത്തെ എഴുത്തുകാരി കെ ആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും തമ്മിലുള്ള ഫെയ്സ്ബുക്ക് പോരില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് ബല്‍റാമിനെ തിരുത്തിയിരുന്നു. 

പാലക്കാട്:  എഴുത്തുകാരി കെ ആർ മീരക്കെതിരെ വി ടി ബൽറാം എംഎൽഎ നടത്തിയ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് എം ബി രാജേഷ് എംപി. തെറിവിളിക്കാനുളള ലൈസൻസ് ആരാണ് എംഎൽഎക്ക് നൽകിയതെന്ന് രാജേഷ് ചോദിച്ചു. വിവേകമുളള മുതിർന്ന കോൺഗ്രസ് നേതാക്കൾ ബൽറാമിനെ തിരുത്തണമെന്നും രാജേഷ് പാലക്കാട്ട് പറഞ്ഞു. തെറിവിളിക്കാന്‍ ലൈസന്‍സില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ ബൽറാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്ന് എം ബി രാജേഷ് ചോദിച്ചു. 

നേരത്തെ എഴുത്തുകാരി കെ ആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും തമ്മിലുള്ള ഫെയ്സ്ബുക്ക് പോരില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് ബല്‍റാമിനെ തിരുത്തിയിരുന്നു. മീരയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്ന് ടി സിദ്ദിഖ്  വ്യക്തമാക്കി. കാസര്‍കോട്ടെ കൊലപാതകത്തില്‍ കെ ആര്‍ മീര ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത വിടി ബല്‍റാമിനെതിരെ കെ ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് വാക്പോര് തുടങ്ങിയത്.

കെ ആര്‍ മീരക്ക് മറുപടിയായി പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം തിരിച്ചടിച്ചതിന് പിന്നാലെ കെ ആര്‍ മീരക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങി. ഈ ഘട്ടത്തിലാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വിവാദത്തിലിടപെട്ട് വി ടി ബല്‍റാമിനെ തിരുത്തിയത്. 

ഒപ്പം കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കെ ആര്‍ മീര നേരത്തെയിട്ട ഫെയ്സ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് പിന്തുണയും അറിയിച്ചു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫെയ്സ് ബുക്കില്‍ സിദ്ദിഖിന് നേരെ തിരിഞ്ഞു. ബല്‍റാമിന്‍റെ നിലപാട് കൃത്യമാണെന്ന് പറഞ്ഞ സിദ്ദിഖ് കെ ആര്‍ മീരക്കൊപ്പം നില്‍ക്കേണ്ടതാണെന്നും ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരുന്നു.  കെ ആര്‍ മീരയുമായുള്ള ഏറ്റുമുട്ടലിനിടെ ബല്‍റാമിനെ തിരുത്താന്‍ സിദ്ദിഖെത്തിയത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നാണ് സൂചന.

click me!