
തിരുവനന്തപുരം: സിഎസ്ഐ സഭാ സെക്രട്ടറിയായി ചുമതല വഹിയ്ക്കുന്ന മെഡിക്കൽ കോളേജ് അധ്യാപകനെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ. തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോസർജറി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. റോസ് ബിസ്റ്റിനെതിരെയാണ് വകുപ്പ് നടപടിയ്ക്ക് ശുപാർശ. സർക്കാർ സർവീസിലിരിക്കെ സഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ചട്ടലംഘനമാണെന്ന് കാട്ടിയാണ് നടപടിയ്ക്ക് ഡിഎംഇ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്.
2018 ആഗസ്റ്റ് 6 മുതൽ സിഎസ്ഐ സഭയുടെ സെക്രട്ടറിയാണ് ഡോ. റോസ് ബിസ്റ്റ്. ഇതിൽ പരാതിയുയർന്നതിനെത്തുടർന്ന് ഡോ. റോസ് ബിസ്റ്റിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. സിഎസ്ഐ സഭയുടെ ഒരു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർഥികളിൽ നിന്നും ഫീസുൾപ്പടെയുള്ള പണം വാങ്ങാൻ തനിയ്ക്ക് അധികാരമില്ലെന്ന് ഡോ. റോസ് ബിസ്റ്റ് എഴുതി നൽകി. സിഎസ്ഐ സഭാ സെക്രട്ടറി എന്ന നിലയിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സഭയിൽ നിന്ന് കൈപ്പറ്റുന്നില്ലെന്നും റോസ് ബിസ്റ്റ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഏതെങ്കിലും മതസ്ഥാപനങ്ങളുടെയോ സന്നദ്ധസ്ഥാപനങ്ങളുടെയോ എൻജിഒകളുടെയോ ഭാരവാഹിത്വം സർക്കാർ സർവീസിലിരിക്കെ വഹിക്കരുതെന്ന ചട്ടം മറികടന്നാണ് ഡോ. റോസ് ബിസ്റ്റ് ചുമതല സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്നാണ് ഡോക്ടർക്കെതിരെ നടപടിയ്ക്ക് ഡിഎംഇ ശുപാർശ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam