
കറാച്ചി: സുൾഫിക്കർ അലി ഭൂട്ടോ സ്ഥാപിച്ച പാകിസ്ഥാൻ പീപ്പീൾസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് ബിലാവൽ ഭൂട്ടോ. സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോയുടെ മകൻ. 29കാരനായ ബിലാവൽ നേതൃപാടവം തെളിയിച്ചുതുടങ്ങുന്നേയുള്ളു.
കറാച്ചിയിൽ ജനനം, ബേനസീർ നാടുവിടേണ്ടിവന്നതോടെ 11 വയസുമുതൽ ജീവിച്ചത് ദുബായിലും ലണ്ടനിലും. 2007 ബേനസീർ കൊല്ലപ്പെട്ടപ്പോൾ ബിലാവൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. 19ാംവയയിൽ പാർട്ടിയുടെ ചുമതല ഏൽക്കേണ്ടിവന്നു ബിലാവലിന്. പക്ഷേ 2012ൽ ബേനസീറിന്റെ ചരമവാർഷികദിനത്തിലെ പ്രസംഗത്തോടുകൂടിയാണ് രാഷ്ട്രീയരംഗത്ത് സാന്നിധ്യമറിയിച്ചത്.
യുവതലമുറയെ പാർട്ടിയിലേക്കും പോളിംഗ്ബൂത്തിലും എത്തിക്കുക എന്നതാണ് ബിലാവൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. പഞ്ചാബിലും ബലൂചിസ്ഥാനിലും വോട്ടർമാരെ സ്വാധീനിക്കുന്നതും അതിന്റെ ഭാഗമാണ്.. തെക്കൻ പഞ്ചാബ് ഒരുകാലത്ത് പിപിപിയുടെ ശക്തികേന്ദ്രമായിരുന്നു. പക്ഷേ 2013ലെ തെരഞ്ഞെടുപ്പിൽ പിപിപി പഞ്ചാബിൽ നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടു. ഇന്ന് പിപിപിക്ക് സിന്ധിനപ്പുറം സ്വാധീനം കുറവാണ്. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുകയാണ് ബിലാവലിന്റെ ലക്ഷ്യം.
പ്രചാരണങ്ങളിൽ സജീവമാണ് ബിലാവൽ. താലിബാനെതിരായി ശക്തമായ നടപടിയെടുക്കണമെന്നാണ് നിലപാട്. അടുത്തകാലത്തായി അച്ഛൻ ആസിഫ് അലി സർദാരിയുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങൾ ബിലാവലിന്റെ പ്രതിഛായക്ക് ഗുണംചെയ്തു എന്നാണ് വിലയിരുത്തൽ. ജനാധിപത്യമാണ് ഏറ്റവും നല്ല പ്രതികാരം എന്ന അമ്മയുടെ വാക്കുകൾ ആവർത്തിക്കുന്ന ബിലാവൽ ഭൂട്ടോ കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യം പിന്തുടരും എന്നാണ് പാർട്ടി അണികളുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam