
മേഘാലയ: ജയന്തിയ മലനിരകളിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെ കുടുംബത്തിന് ഒന്നേ പറയാനുള്ളൂ. അവരുടെ ശവസംസ്കാരമെങ്കിലും ഉചിതമായ രീതിയിൽ നടത്തണം. മുപ്പത്തഞ്ച് ദിവസങ്ങൾ കാത്തിരുന്നിട്ടും ഇവരിലൊരാളുടെ മാത്രം മൃതശരീരമേ രക്ഷാപ്രവർത്തകർക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ. കൽക്കരി ഖനിക്കുള്ളിൽ കുടുങ്ങിപ്പോയ അസ്ഥികൂടത്തിന്റെ ചിത്രങ്ങൾ നാവികസേനാംഗങ്ങൾ പുറത്തുവിട്ടതിനെ തുടർന്നായിരുന്നു കുടുംബാംഗങ്ങളുടെ ഈ അഭ്യർത്ഥന.
കഴിഞ്ഞ മാസം ഡിസംബർ 13നാണ് പതിനഞ്ച് തൊഴിലാളികൾ എലിമാളങ്ങൾ എന്ന് വിളിക്കപ്പെടുന്ന കൽക്കരി ഖനിക്കുളളിൽ കുടുങ്ങിപ്പോയത്. തൊട്ടടുത്ത നദിയിൽ നിന്നും വെള്ളം പൊങ്ങി ഖനിയുടെ കവാടം അടഞ്ഞതിനാൽ ഇവർക്ക് പുറത്ത് കടക്കാൻ കഴിയാതെ വരികയായിരുന്നു. ഇന്ത്യൻ നേവിയുടെ മുങ്ങൽ വിദഗ്ദ്ധർ ഉപയോഗിക്കുന്ന റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ ആണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചാണ് 160 അടി ആഴത്തിൽ നിന്നും മൃതദേഹം വലിച്ചെടുത്ത് ഗുഹാകവാടത്തിനടുത്തെത്തിച്ചത്.
കണ്ടെടുത്ത മൃതശരീരത്തിന്റെ അസ്ഥികൂടം ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണെന്ന് നാവിക സേന വക്താവ് വെളിപ്പെടുത്തി. എന്നാൽ മൃതശരീരം പതിനഞ്ച് പേരിൽ ആരുടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ചിന്തിച്ചാകണം രക്ഷാപ്രവർത്തനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരിന്റെ പിന്തുണയോടെ മാത്രമേ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കൂ എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ഖനിക്കുള്ളിൽ കുടുങ്ങിയവരിലൊരാളായ മുനീറുൾ ഇസ്ലാമിന്റെ സഹോദരൻ മാലിക് അലി പറയുന്നു, -ഞങ്ങൾക്ക് അവന്റെ മൃതദേഹമെങ്കിലും ഉചിതമായ രീതിയിൽ സംസ്കരിക്കണം. മറ്റ് തൊഴിലാളികളുടെ കുടുംബങ്ങളും ഇതേ ആവശ്യം തന്നെയാണ് പറയുന്നത്. തൊട്ടടുത്ത നദിയിൽ നിന്നും ഖനിക്കുള്ളിലേക്ക് വെള്ളം കയറി ഗുഹാമുഖം അടഞ്ഞതിന് തുടർന്നാണ് പതിനഞ്ച് പേർ ഇതിനുള്ളിൽ അകപ്പെട്ടു പോയത്. അപകടം സംഭവിച്ചയുടനെ അഞ്ച് പേർ രക്ഷപ്പെട്ടിരുന്നു. ഇവരാണ് ദുരന്തത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ഖനിക്കുള്ളിൽ അകപ്പെട്ടവരിൽ രണ്ട് പേർ അസം സ്വദേശികളാണ്. കോയൽ ഇന്ത്യ ലിമിറ്റഡ്, ഒഡീഷ ഫയർ ഫൈറ്റേഴ്സ്, കിർലോസ്കർ കമ്പനി ലിമിറ്റഡ് എന്നിവരും നാവിക സേന ഉൾപ്പെടെയുള്ള സേനാംഗങ്ങളും ദുരന്തമുഖത്ത് സജീവരക്ഷാപ്രവർത്തകരായി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam