
ദില്ലി: ഭാര്യയില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കുന്ന പുരുഷന്മാര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് രണ്ട് ബിജെപി എംപിമാര്‍. നിയമങ്ങള്‍ വളച്ചൊടിച്ച് പുരുഷന്മാരെ കുഴപ്പത്തിലാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ വേണമെന്ന് ബിജെപി എംപിമാരായ ഹരിനാരായണ്‍ രാജ്ഭര്‍, അന്‍ശുല്‍ വര്‍മ എന്നിവരാണ് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ നിന്നുള്ള എംപിമാരായ ഇരുവരും പുരുഷ് ആയോഗ് എന്ന പേരില്‍ നടത്തിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്‍റിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഭാര്യയില്‍ നിന്ന് പുരുഷനും പീഡനം സഹിക്കുന്നുണ്ട്. കോടതികളില്‍ അത്തരം നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നുമുണ്ട്.
സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിമയങ്ങളും കമ്മീഷനുകളുമൊക്കെയുണ്ട്. എന്നാല്‍, പുരുഷന്മാര്‍ക്ക് അങ്ങനെയൊന്നുമില്ല. എല്ലാ സ്ത്രീകളും അല്ലെങ്കില്‍ എല്ലാ പുരുഷന്മാരും പ്രശ്നമാണെന്നല്ല പറയുന്നത്. ദേശീയ വനിത കമ്മീഷന്‍ മാതൃകയില്‍ പക്ഷേ പുരുഷന്മാര്‍ക്കും ഒരു വേദി വേണമെന്നാണ് ആവശ്യമെന്ന് രാജ്ഭര്‍ പറഞ്ഞു.
പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഇതേ ആവശ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചതായി അനശുല്‍ വര്‍മ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498 എ വകുപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. സ്ത്രീയോടുള്ള ക്രൂരത, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം തുടങ്ങിയവയെല്ലാം എതിര്‍ക്കാനുള്ള നിയമമാണ് ഇത്.
എന്നാല്‍, ഇപ്പോള്‍ അത് പുരുഷനെ കുടുക്കാനുള്ള നിമയമമായി മാറിയിരിക്കുകയാണ്. 1998 മുതല്‍ 2015 വരെ ഏകദേശം 27 ലക്ഷം പുരുഷന്മാരാണ് ഈ നിയമം ഉപയോഗിച്ച് തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടത്. തുല്യതയ്ക്ക് വേണ്ടിയാണ് ഇക്കാര്യം സംസാരിക്കുന്നത്. പുരുഷന് അത്തരം കേസുകളില്‍ നിയമ പരിരക്ഷ ലഭിക്കണം.
എന്നാല്‍, ബിജെപി എംപിമാരുടെ വാദഗതികളെ തള്ളി ദേശീയ മനുഷ്യാവകാശ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ രംഗത്തെത്തി. സ്ത്രീകകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചത്. പുരുഷനും അത്തരമൊരു കമ്മീഷന്‍ വേണമെങ്കിലുണ്ടാക്കാം.
എന്നാല്‍, ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ ഉപയോഗിച്ച് കുടുക്കുന്നതായി നിരവധി പേരുടെ പരാതികള്‍ ലഭിച്ചിരുന്നതായി കേന്ദ്ര മന്ത്രി മേനക ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam