
കോഴിക്കോട്: ഈ മാസം 8, 9 തീയതികളിൽ സംയുക്തതൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. ഹർത്താൽ ദിവസം വ്യാപാരികൾക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്‍റ് ടി നസിറുദ്ദീൻ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകും. അക്രമം അഴിച്ചുവിട്ട ബിജെപിക്കും ശബരിമല കർമസമിതിക്കുമെതിരെ രൂക്ഷവിമർശനമാണ് ടി നസിറുദ്ദീൻ ഉയർത്തിയത്.
വ്യാപാരികൾക്ക് ഹർത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹർത്താലിന് തലേന്ന് അക്രമങ്ങളുടെ 'റിഹേഴ്സൽ' നടത്തുകയായിരുന്നെന്നും നസിറുദ്ദീൻ ആരോപിച്ചു. ഇതിലും വ്യാപാരികൾക്ക് ഭീമമായ നഷ്ടമുണ്ടായി.
8, 9 തീയതികളിൽ നടക്കുന്ന പണിമുടക്കിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഇത് ഹർത്താൽ ആക്കി മാറ്റരുത്. ഇനിയൊരു ഹർത്താൽ താങ്ങാനുള്ള കഴിവ് വ്യാപാരികൾക്കില്ല. അന്നേദിവസം കടകൾ തുറന്നു പ്രവർത്തിയ്ക്കും.
ഹർത്താലിൽ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹർത്താലിൽ ആക്രമണം നടത്തിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam