രേഖകള്‍ ചോദിച്ച പൊലീസുകാരന്‍റെ മുന്നില്‍ വച്ച് ബുള്ളറ്റ് അഗ്നിക്കിരയാക്കി പാല്‍വില്‍പ്പനക്കാരന്‍‌

By Web TeamFirst Published Nov 7, 2018, 4:14 PM IST
Highlights

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ഓം നമശിവായ എന്ന് കണ്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഇയാളോട് രേഖകള്‍ തിരക്കിയത്. 

ഗുരുഗ്രാം:  റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പാല്‍ പാത്രങ്ങളുമായി വരുന്നതിനിടയില്‍ വാഹനത്തിന്റെ രേഖകള്‍ ചോദിച്ച പൊലീസികരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ബൈക്ക് അഗ്നിക്കിരയാക്കി യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ഓം നമശിവായ എന്ന് കണ്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഇയാളോട് രേഖകള്‍ തിരക്കിയത്. 

വില്‍പ്പനയ്ക്കായുള്ള രണ്ട് പാത്രം പാല്‍ ബൈക്കില്‍ കെട്ടിവച്ച് കൊണ്ടു വരികയായിരുന്നു യുവാവ്. രേഖകള്‍ തിരക്കിയ പൊലീസുകാരനോട് ഏറെ നേരം കയര്‍ത്ത ശേഷമാണ് ഇയാള്‍ ബൈക്കിന് തീയിട്ടത്. തിരക്കേറിയ റോഡില്‍ ബൈക്കിന് തീയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം നടക്കുന്നത്. ബൈക്കില്‍ പടര്‍ന്ന അഗ്നി ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് മൂലം വന്‍ അപകടമാണ് ഒഴിവായത്. 

ഹെല്‍മറ്റ് ധരിക്കാത്തതിനും നമ്പര്‍ പ്ലേറ്റില്‍ തിരിമറി കാണിച്ചതിന് പിഴയൊടുക്കാനും നിര്‍ദേശിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്. ബൈക്കിന്റെ ഫ്യൂവര്‍ പൈപ്പ് ഊരിയതിന് ശേഷം ഇയാള്‍ തീയിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ വിശദമാക്കുന്നു. ഇയാളെ തിരിച്ചറിയാനും അഗ്നിക്കിരയാക്കിയ ബൈക്ക് മോഷ്ടിച്ചതാണോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വഴിയാത്രക്കാരായ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

click me!