
ദില്ലി: പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് മാന്യമായ രീതിയിൽ പെരുമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി പൊലീസിനോടായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. രാജ്യത്തിന് മുഴുവനും മാതൃകയായിരിക്കണം ദില്ലി പൊലീസെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പരാതിക്കാരോട് കാര്യങ്ങൾ സാവകാശം ചോദിച്ച് മനസിലാക്കണം. പരാതിക്കാരോട് പൊലീസിന് താഴ്മയോടെ സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തിന് വേണ്ടിയാണ് പരാതിക്കരെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തുന്നത്? അത്തരത്തിൽ കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് മുൻ കൂട്ടിതന്നെ പരാതിക്കാരോട് പറയേണ്ട കടമ ഉദ്യോഗസ്ഥർക്കില്ലെ? രാജ്നാഥ് സിങ് ചോദിച്ചു. തലസ്ഥാനത്ത് പൊലീസ് പെട്രോളിങ്ങിനായി 300 പുതിയ 'റഫ്താർ' മോട്ടോര്‍ബൈക്കുകളും ചടങ്ങില്‍ അദ്ദേഹം കൈമാറി.
അതേ സമയം പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് വേണ്ടി ടീ സ്റ്റാള്‍ സൗകര്യം ഒരുക്കാന്‍ സാധിക്കുമോ എന്ന് പൊലീസ് കമ്മീഷണറോട് രാജ്‌നാഥ് സിങ് ചോദിച്ചു. അതിന് സാധിക്കുമെങ്കിൽ ആഭ്യന്തരമന്ത്രാലയം ഫണ്ട് അനുവദിക്കുമെന്നും പൊലീസുകാർ അവനവന് തന്നെ മാതൃകയാകണമെന്നും പൊലീസിനെ പറ്റി പൊതുജനങ്ങൾക്കിടയിലുള്ള തെറ്റായ ധാരണകൾ മാറ്റി എടുക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സിറ്റി പൊലീസ് മേധാവി അമുല്യ പട്നായിക്, ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജൽ എന്നിവർ അദ്ദേഹത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam