പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റും നടനുമായ ജയേഷ് കൊടകര അന്തരിച്ചു

Published : May 10, 2020, 10:01 PM ISTUpdated : May 10, 2020, 10:19 PM IST
പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റും നടനുമായ ജയേഷ് കൊടകര അന്തരിച്ചു

Synopsis

ഒരു വര്‍ഷത്തോളമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 7 മണിയോടെ കൊടകരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.

കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു. കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ - അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി  അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 7 മണിയോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്തേക്കുവന്ന ജയേഷ് മിമിക്രി കലാകാരനായി ഒട്ടനവധി വേദികള്‍ പങ്കിട്ടിരുന്നു. ക്രെയ്സി ഗോപാലൻ. സു സു സുധി വാത്മീകം, പ്രേതം 2, ജല്ലിക്കെട്ട്, കൽക്കി എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. മെഗാ-കോമഡി ഷോകളിലും ഏകാംഗ ഹാസ്യാവതരണവേദികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വേറിട്ട അഭിനയചാതുരിയോടെ ചാക്യാരുടെ വേഷവുമായി രംഗത്തെത്തിയ ജയേഷിന്റെ ഹാസ്യാനുകരണം സഹൃദയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അർബുദബാധയിൽ ചികിത്സ നടന്നുവരുന്നതിനിടെ വന്ന ലോക്ക്ഡൗണിൽ ജയേഷിന്‍റെ മരുന്നുകൾ എത്തുന്നത് മുടങ്ങിയിരുന്നു. അത് ആംബുലൻസിൽ കണ്ണൂരിൽ നിന്ന് ചാലക്കുടിയിൽ എത്തിച്ചു നൽകിയ നടൻ ടിനിടോമിനും മറ്റ് സുഹൃത്തുക്കൾക്കും നന്ദി പറയുന്ന അദ്ദേഹത്തിന്‍റെ വീഡിയോ ഹൃദയം തൊടുന്നതാണ്.

''കാൻസറായിട്ട് ഒരു വർഷമായി ഞാൻ ലോക്ക് ഡൗണിലാണ്. ഇപ്പോഴത്തെ ചികിത്സയുടെ ഭാ​ഗമായിട്ട് കാസർകോട് നിന്നാണ് മരുന്ന് വേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് മരുന്ന് ഉണ്ടായിരുന്നില്ല. ഈ രോ​ഗം തുടങ്ങിയ കാലം മുതൽ എന്നോടൊപ്പം നിന്ന് ഒരു സഹോദരനെപ്പോലെ എപ്പോഴും എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ആശുപത്രിയിലായാലും എവിടെയായാലും സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന ടിനിടോമിനോട് ഞാൻ വിളിച്ചു പറഞ്ഞു. അദ്ദേഹം ടിവി രാജേഷ് എംഎൽഎയുമായി ബന്ധപ്പെട്ടു, സുബീഷ് കണ്ണൂർ, ഫയർഫോഴ്സിൽ ജോലി ചെയ്യുന്ന പവിത്രൻ സാർ എന്നിവർ വഴി മരുന്ന് ചാലക്കുടിയിൽ എനിക്കെത്തിച്ചു തന്നു.'' ജയേഷ് കൊടകര വീഡിയോയിൽ പറയുന്നു. തനിക്ക് മരുന്ന് എത്തിച്ചു നൽകാൻ സഹായിച്ച എല്ലാവരോടും ഇദ്ദേഹം വീഡിയോയിൽ നന്ദി പറയുന്നുണ്ട്.

ഏതാനും വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകന്‍ മരിച്ചിരുന്നു.  ഭാര്യ: സുനജ. മകള്‍:  ശിവാനി. സഹോദരന്‍: ജ്യോതിഷ്ബാബു.  

Read more at: കാസർകോടു നിന്ന് കാൻ‌സർ രോഗിക്ക് ആംബുലൻസിൽ മരുന്ന്: ടിനി ടോമിന് നന്ദി പറഞ്ഞ് ജയേഷ്, സുഹൃത്തുക്കള്‍ക്കും
 

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ