തിരുവനന്തപുരം: രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രതിസന്ധികളിലൂടെയാണ് ഓരോരുത്തരും കടന്നു പോകുന്നത്. മുടങ്ങാതെ മരുന്ന് കഴിക്കേണ്ട സാഹചര്യമുള്ള രോഗികള്‍ക്ക് മരുന്ന് ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം അനുഭവം പങ്കുവയ്ക്കുകയാണ് ജയേഷ് കൊടകര എന്ന മിമിക്രി ആർട്ടിസ്റ്റ്.

'കാൻസറായിട്ട് ഒരു വർഷമായി ഞാൻ ലോക്ക് ഡൗണിലാണ്. ഇപ്പോഴത്തെ ചികിത്സയുടെ ഭാ​ഗമായിട്ട് കാസർകോട് നിന്നാണ് മരുന്ന് വേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് മരുന്ന് ഉണ്ടായിരുന്നില്ല. ഈ രോ​ഗം തുടങ്ങിയ കാലം മുതൽ എന്നോടൊപ്പം നിന്ന് ഒരു സഹോദരനെപ്പോലെ എപ്പോഴും എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ആശുപത്രിയിലായാലും എവിടെയായാലും സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന ടിനിടോമിനോട് ഞാൻ വിളിച്ചു പറഞ്ഞു. അദ്ദേഹം ടിവി രാജേഷ് എംഎൽഎയുമായി ബന്ധപ്പെട്ടു, സുബീഷ് കണ്ണൂർ, ഫയർഫോഴ്സിൽ ജോലി ചെയ്യുന്ന പവിത്രൻ സാർ എന്നിവർ വഴി മരുന്ന് ചാലക്കുടിയിൽ എനിക്കെത്തിച്ചു തന്നു.' ജയേഷ് കൊടകര വീഡിയോയിൽ പറയുന്നു. തനിക്ക് മരുന്ന് എത്തിച്ചു നൽകാൻ സഹായിച്ച എല്ലാവരോടും ഇദ്ദേഹം വീഡിയോയിൽ നന്ദി പറയുന്നുണ്ട്.

"