ഖനനം ആലപ്പാട്ടെ പരമ്പരാഗത വ്യവസായങ്ങളും നശിപ്പിച്ചു

By Web TeamFirst Published Jan 15, 2019, 9:09 AM IST
Highlights

മത്സ്യത്തൊഴിലാളികളാണ് ജീവിത മാര്‍ഗം നശിച്ച മറ്റൊരു വിഭാഗം. ചാകരക്കോള് കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടുത്തുകാര്‍ക്ക്. ഇപ്പോള്‍ അതിന്‍റ ഓര്‍മകള്‍ മാത്രമാണ് ജനങ്ങള്‍ക്കുള്ളത്

കൊല്ലം: ഖനനം മൂലം ആലപ്പാട്ടെ പരമ്പരാഗത വ്യവസായങ്ങളും നശിച്ചു. ജനങ്ങളുടെ ജീവിത ഉപാധിയായിരുന്ന മത്സ്യബന്ധനം പ്രതിസന്ധിയിലായി.തീരം ഇടിഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ കടലാമകളുടെ പ്രജനനം ഇവിടെ നടക്കുന്നില്ല. നിരവധി കയര്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ടായിരുന്ന പൊൻമനയില്‍ ഇപ്പോള്‍ ശേഷിക്കുന്നത് 372 -ാം നമ്പര്‍ കയര്‍ നിര്‍മ്മാണ കേന്ദ്രം മാത്രം.

ഒരു കാലത്ത് ജീവിതം പച്ച പിടിപ്പിച്ച തൊഴില്‍ കേന്ദ്രം പതുക്കെ പതുക്കെ ഇല്ലാതാകുന്നത് കാണേണ്ട അവസ്ഥയിലാണ് ഒരുപാട് തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളാണ് ജീവിത മാര്‍ഗം നശിച്ച മറ്റൊരു വിഭാഗം. ചാകരക്കോള് കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടുത്തുകാര്‍ക്ക്. ഇപ്പോള്‍ അതിന്‍റ ഓര്‍മകള്‍ മാത്രമാണ് ജനങ്ങള്‍ക്കുള്ളത്.

ഖനനം നടത്തുന്ന ഐആര്‍ഇ, കെഎംഎംഎല്‍ എന്നിവര്‍ പുറത്ത് വിടുന്ന രാസവസ്തുക്കള കലര്‍ന്ന ജലമാണ് കായിലിലെയും കടലിലെയും ജൈവ സമ്പത്തിനെ നശിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ കടലാമകള്‍ മുട്ടയിടുമായിരുന്ന പ്രദേശമായിരുന്നു പൊന്മന മുതല്‍ വടക്കോട്ടുള്ള പ്രദേശം.

അതുപോലെ വിവിധ തരം കൊഞ്ചു വര്‍ഗ്ഗങ്ങളുടെയും പ്രജനന മേഖലയായിരുന്നു ഈതീരം. പൊൻമനയിലെയും വെള്ളാനത്തുരുത്തിലേയും കണ്ടല്‍ക്കാടുകളും നശിച്ചു. ശുദ്ധ ജല സ്രോതസ്സുകളും പുഴകളും ഔഷധ സസ്യങ്ങളും കൃഷിയിടങ്ങളും ഇവിടെ പതിയെ പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 

click me!