അഞ്ച് ദിവസം തലസ്ഥാനത്ത് പറ്റില്ലെന്ന് മന്ത്രിമാര്‍; കര്‍ശന നിലപാടുമായി മുഖ്യമന്ത്രി

By Web DeskFirst Published Feb 12, 2018, 3:49 PM IST
Highlights

തിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തിരുവനന്തപുരത്തെ ഓഫിസുകളിൽ ഉണ്ടായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അസൗകര്യം അറിയിച്ച് മന്ത്രിമാർ. എന്നാല്‍, മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നും പരിപാടികളിൽ പങ്കെടുക്കാൻ പോകുകയാണ് എങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍. മണ്ഡലങ്ങളിലെ പരിപാടികളിൽ അടക്കം പങ്കെടുക്കേണ്ടതുണ്ടെന്നും വകുപ്പുകളുടെ പരിപാടികൾ തലസ്ഥാനത്തു മാത്രമായി ചുരുക്കാനാകില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു. 

മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കർശന നിർദേശം നൽകിയത്. നേരത്തെ നാല് ദിവസം എങ്കിലും ഉണ്ടാകണം എന്നായിരുന്നു നിർദേശം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോറം തികയാതെ മന്ത്രിസഭ യോഗം ചേരാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രിയുടെ പുതിയനിർദേശം. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ 10 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർക്കു ശുപാർശ നൽകാനും തീരുമാനമായി.
 

click me!