
ജുബ: പ്രായപൂര്‍ത്തിയാകാത്ത കന്യകയായ പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ വിവാഹ ലേലത്തിന് വച്ച് കുടുംബം. ദക്ഷിണ സുഡാനിലാണ് വിചിത്ര രീതിയിലുള്ള ഈ വിവാഹം നടന്നത്. അഞ്ച് വ്യാപാരികള്‍ തമ്മില്‍ നടന്ന വാശിയേറിയ ലേലത്തിന് ഒടുവില്‍ അഞ്ഞൂറ് പശു, മൂന്ന് കാറ്, 7 ലക്ഷം രൂപയ്ക്ക് ദക്ഷിണ സുഡാന്‍ സ്വദേശിയായ വ്യാപാരിയാണ് പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. സുഡാനിലെ ജുബയില്‍ വച്ചായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം.
ഇത് ആദ്യമായല്ല പെണ്‍കുട്ടികളെ പശുക്കള്‍ക്കും കാറിനും പണത്തിനും വേണ്ടി ലേലത്തില്‍ വില്‍ക്കുന്നത്. ഡിന്‍ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് പെണ്‍കുട്ടി. തങ്ങളുടെ മകളെ ഏറ്റവും യോഗ്യനായ വരന് കൊടുക്കാന്‍ സാധിച്ചെന്ന സന്തോഷത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബമുള്ളത്.
രണ്ടാമത്തെ തവണയാണ് ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ലേലത്തിന് വക്കുന്നത്. ഒക്ടോബര്‍ 25 ന് നടത്തിയ ലേലത്തില്‍ മകള്‍ക്ക് ലഭിച്ച പാരിതോഷികത്തില്‍ തൃപ്തിയാവാത്ത കുടുംബം ലേലം റദ്ദ് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടിയുടെ സ്വാതന്ത്യം പോലും നിഷേധിക്കപ്പെടുന്ന ഇത്തരം രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജീവിക്കാനുള്ള അവകാശവും ചോദ്യം ചെയ്യുന്ന ഇത്തരം പ്രാകൃത ആചാരങ്ങള്‍ക്ക് ഫേസ്ബുക്കിനെ കൂട്ടുപിടിക്കുന്നതിലും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ശക്തമായ നിയമനിര്‍മാണം ഇത്തരം പ്രാകൃത ആചാരങ്ങള്‍ തുടച്ച് നീക്കാന്‍ ഉണ്ടാവണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam