മിഷേൽ ഷാജി മരിച്ച് ഒരു വർഷം;  സിബിഐ അന്വേഷണം വേണമെന്ന് അച്ഛൻ

By Web DeskFirst Published Mar 6, 2018, 12:38 AM IST
Highlights
  • മിഷേൽ ഷാജി മരിച്ച് ഒരു വർഷം
  • കെഎസ്‍യു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊച്ചി:  സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അച്ഛൻ ഷാജി വർഗീസ്. കൊച്ചി കായലിൽ മിഷേലിനെ മരിച്ച നിലയിൽ കണ്ടെത്തി ഒരു വർഷം പിന്നിടുന്പോൾ കെഎസ്‍യു സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് വൈകീട്ടാണ് കൊച്ചിയിലെ ഹോസ്റ്റലിൽ നിന്ന് പുറത്തുപോയ മിഷേൽ ഷാജിയെ കാണാതായത്. 

ആറാം തീയതി വൈകീട്ട് കൊച്ചി കായലിൽ മൃതദേഹം കണ്ടെത്തി. ഗോശ്രീ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് കേസന്വേഷിച്ച പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും നിഗമനം.  മിഷേൽ കലൂർ പള്ളിയിൽ പ്രാർത്ഥന നടത്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പാലത്തിൽ നിന്ന് ചാടിയെന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുന്പോഴും  മിഷേലിന്‍റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്. 

മിഷേലിന്‍റെ മോതിരവും വാച്ചും മൊബൈൽ ഫോണും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. കെഎസ്‍യു പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മിഷേലിന്‍റെ ഓർമ്മകൾക്ക് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചു. കുടുംബത്തിന്‍റെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

click me!