
ബംഗളുരു: ഇന്ന് രാവിലെ സഭയിലെത്താതിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് ഗൗഡ പാട്ടീലിനെ പൊലീസ് വാഹനത്തിലാണ് കര്‍ണ്ണാടക നിയമസഭയിലെത്തിയത്. ഉച്ച ഭക്ഷണത്തിനായി സഭ 3.30 വരെ പിരിഞ്ഞിരിക്കുകയാണ്. സഭ സമ്മേളിച്ച ശേഷം ബാക്കിയുള്ള അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത ശേഷമാകും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികളിലേക്ക് കടക്കുന്നത്. അതിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും നേതാക്കളെത്തി അനുനയിപ്പിച്ചു. അല്‍പ്പസമയം മുന്‍പ് സഭയിലെത്തിയ ഇവര്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഒരു വോട്ടും ചോരില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ പുരോഗമിക്കവെ കാണാതായ രണ്ട് എംഎല്‍എമാരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി നേതാക്കള്‍ മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് ഹോട്ടലില്‍ നാടകീയ നീക്കങ്ങളാണ് നടന്നത്. ഡി.കെ സുരേഷും ജെ.ഡി.എസ് നേതാവ് രേവണ്ണയും വിപ്പ് നല്‍കാനായി ഹോട്ടിലെത്തിയെങ്കിലും ഇവരോട് സംസാരിക്കാനോ സഭയിലേക്ക് വരാനോ ഇവര്‍ തയ്യാറായില്ല. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുമായി കശപിശ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ പൊലീസ് സന്നാഹം ഹോട്ടലിന്റെ പുറത്ത് നിലയുറപ്പിച്ചിരുന്നു. ഏറെ നേരത്തെ സംസാരത്തിനൊടുവിലാണ് ഇവരെ സഭയിലേക്ക് നേതാക്കള്‍ കൂട്ടിക്കൊണ്ടുപോയത്.
ആനന്ദ് സിങിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം റിസോര്‍ട്ടിലുണ്ടായിരുന്ന പ്രതാപ് ഗൗഡ പാട്ടീല്‍ പിന്നീട് സുഖമില്ലെന്ന് പറഞ്ഞ് പുറത്തുപോവുകയായിരുന്നു. ഇവര്‍ എന്‍ഫോഴ്‍സ്മെന്റ് കസ്റ്റഡിയിലാണെന്നും അതല്ല ബിജെപി നേതാക്കള്‍ ഇവരെ തട്ടിയെടുത്തുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇവരെ ബംഗളുരുവിലെ ഹോട്ടലില്‍ തന്നെ കണ്ടെത്തിയത്. ബിജെപി സംഘത്തോടൊപ്പമുണ്ടായിരുന്ന അവരെ ആരോപണങ്ങള്‍ ഭയന്ന് ബിജെപി നേതാക്കള്‍ തന്നെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam