18 എംഎല്‍എമാർ അയോഗ്യർ തന്നെ; സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു

Published : Oct 25, 2018, 10:48 AM ISTUpdated : Oct 25, 2018, 01:38 PM IST
18 എംഎല്‍എമാർ അയോഗ്യർ തന്നെ; സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു

Synopsis

തമിഴ്നാട്ടില്‍ 18 എംഎല്‍എ മാരുടെ അയോഗ്യതാകേസില്‍ ടിടിവി ദിനകരന് തിരിച്ചടി. 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. 

ചെന്നൈ: തമിഴ്നാട്ടില്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരുടെ അയോഗ്യത മദ്രാസ് ഹൈക്കോടതി ശരിവച്ചു. എടപ്പാടി സർക്കാരിന് ആശ്വാസം നല്‍കുന്നതാണ് വിധി. എംഎല്‍ എമാരോട് ആലോചിച്ച് തുടർ നടപടിയെടുക്കുമെന്ന് ടിടിവി ദിനകരൻ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

എം എല്‍ എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച ജസ്റ്റിസ് എം സത്യനാരായണൻ, കേസില്‍ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി നടത്തിയ നിരീക്ഷണങ്ങളെ അംഗീകരിച്ചു.മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്ന് ഗവർണർക്ക് കത്ത് കൊടുത്തപ്പോള്‍ തന്നെ എം എല്‍ എമാർ പാർട്ടിക്ക് പുറത്തായി കഴിഞ്ഞുവെന്നും, സ്പീക്കർക്ക് നടപടിയെടുക്കാൻ അവകാശമുണ്ടെന്നായിരുന്നുമായിരുന്നു ഇന്ദിരാ ബാനർജിയുടെ നിരീക്ഷണം.

ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്നും സുപ്രീംകോടതിയെ സമീപിക്കുന്നത് എം എല്‍ എമാരോട് ആലോചിച്ച് തീരുമാനിക്കുമെന്നും ടിടിവി ദിനകരൻ പറഞ്ഞു. എം എല്‍ എമാരുടെ അയോഗ്യത നില നിർത്തിയതോടെ നിയമഭസഭയില്‍ ഇപിഎസ് സർക്കാറിന് അവിശ്വാസവോട്ടെടുപ്പ് ഭീഷണി ഒഴിവായതില്‍ ആശ്വസിക്കാം.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എടപ്പാടിയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് കാണിച്ച് 18 എം എല്‍ എമാർ ഗവർണർക്ക് കത്ത് നല്‍കിയത്.സെപ്റ്റംബറില്‍ ഇവരെ സ്പീക്കർ അയോഗ്യരാക്കി.ഇതിനെതിരെ ഇവർ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ 14 നാണ് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.ജഡ്ജിമാർ ഭിന്ന വിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമത്ത ജഡ്ജിയായ സത്യനാരായണന് മുന്നിലെത്തി.ഇദ്ദേഹവും അയോഗ്യത ശരിവെച്ചതോടെ ടിടിവിക്ക് മുൻപില്‍ സുപ്രീംകോടതിയെ സമീപിക്കുക അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുക എന്നീ രണ്ട് വഴികളാണ് അവശേഷിക്കുന്നത്

ഒന്നുകില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടുക, അല്ലെങ്കില്‍ ടിടിവി ദിനകരനോട് സമവായത്തിലെത്തുക, ഈ രണ്ട് സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടാൻ ഇപിഎസ്സിന് കോടതി വിധി കൊണ്ട് സാധിച്ചു.പക്ഷെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇപിഎസ് സർക്കാറിന് വലിയ വെല്ലുവിളി തന്നെയാകും

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ