'സഖ്യ സര്‍ക്കാരില്‍ പരസ്പരധാരണയില്ല, ഇനി ബിജെപിക്കൊപ്പം'; പിന്തുണ പിന്‍വലിച്ച എംഎല്‍എമാരുടെ പ്രതികരണം

By Web TeamFirst Published Jan 15, 2019, 3:47 PM IST
Highlights

ഈ മകരസംക്രാന്തി ദിവസം പുതിയൊരു മാറ്റത്തിന് വേണ്ടിയാണ് പിന്തുണ പിന്‍വലിച്ചതെന്ന് ആര്‍. ശങ്കര്‍ പറഞ്ഞു. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് വേണ്ടത്. അതിനാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നല്‍കിയ പിന്തുണ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മുംബെെ: കര്‍ണാടകയില്‍ നിമയസഭ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. പരസ്പരം എംഎല്‍എമാരെ റാഞ്ചാന്‍ നോക്കുന്നതായി ബിജെപിയും കോണ്‍ഗ്രസും ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനിടൊണ് സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കളം മാറി ചവിട്ടിയിരിക്കുന്നത്.

മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ സംഭവങ്ങള്‍ക്ക് കര്‍ണാടക രാഷ്ട്രീയം വേദിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

താന്‍ എന്തിനാണോ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് പിന്തുണ നല്‍കിയോ, അത് നടക്കാത്തതിനാലാണ് പിന്തുണ പിന്‍വലിച്ചതെന്നാണ് എച്ച് നാഗേഷിന്‍റെ പ്രതികരണം. മികച്ചതും സുസ്ഥിരവുമായ സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്താനാണ് താന്‍ പിന്തുണ നല്‍കിയത്. പക്ഷേ, അവര്‍ പരാജയപ്പെട്ടു.

സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ ഒരു പരസ്പര ധാരണയുമില്ല. ഇതോടെ ബിജെപിക്കൊപ്പം നിന്ന് സുസ്ഥിരമായ ഭരണം കര്‍ണാടകയില്‍ വരുന്നതിനാണ് പിന്തുണ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ മകരസംക്രാന്തി ദിവസം പുതിയൊരു മാറ്റത്തിന് വേണ്ടിയാണ് പിന്തുണ പിന്‍വലിച്ചതെന്ന് ആര്‍. ശങ്കര്‍ പറഞ്ഞു.

ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് വേണ്ടത്. അതിനാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നല്‍കിയ പിന്തുണ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രണ്ട് എംഎല്‍എമാരും ഇപ്പോള്‍ മുംബെെയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തത്കാലം ഇരുവരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല.

നേരത്തെ, കര്‍ണാടകയിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുംബെെയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും കഴിയുന്നുണ്ട്. ഈ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കർണാടക  ബിജെപി നേതാവ് നിലമംഗലം നാഗരാജാണ്. 

click me!