തെരഞ്ഞെടുപ്പില്‍ യുഡ‍ിഎഫ് മേൽക്കൈ എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് എം എം മണി

By Web TeamFirst Published Jan 26, 2019, 2:19 PM IST
Highlights

ഇന്ത്യയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാൽ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയില്ലെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് മന്ത്രി എം എം മണി. തെരഞ്ഞെടുപ്പിന് മുമ്പായി വന്ന സര്‍വേ ഫലങ്ങളിലെ യുഡിഎഫ് മേധാവിത്വം തള്ളിയാണ് എം എം രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാൽ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയില്ലെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തർ പ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപികരിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ കോൺഗ്രസിന് ഒറ്റയ്ക്കു ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്‌ക്കേ എന്തെങ്കിലും സാധ്യതയുള്ളൂ. ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ചിലർ ഇപ്പോഴും ദിവാ സ്വപ്നങ്ങളിലാണ്.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കുറിച്ചു. നേരത്തെ, കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന പ്രവചനത്തോടെ റിപ്പബ്ലിക്- സി വോട്ടര്‍, എബിപി ന്യൂസ്- സീവോട്ടര്‍ എന്നീ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു.

എല്‍ഡിഎഫും യുഡിഎഫും പോരടിക്കുന്ന കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് നാല് സീറ്റുകളിലേക്ക് ഒതുങ്ങും. 40.1 ശതമാനം വോട്ട് ഷെയറാണ് കേരളത്തില്‍ യുഡിഎഫിന് ലഭിക്കുക. അതേസമയം, എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.7 ശതമാനവും വോട്ട് ഷെയര്‍ ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍. 

click me!