ഇടുക്കിയിൽ ആൾക്കൂട്ട ആക്രമണം; മീൻവ്യാപാരിയായ മധ്യവയസ്കനെ അഞ്ചം​ഗസംഘം ക്രൂരമായി മർദ്ദിച്ചു

By Web TeamFirst Published Dec 4, 2018, 9:31 AM IST
Highlights

റിസോർട്ടിലേക്ക് മീൻ നൽകിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഞ്ചം​ഗസംഘം മർദ്ദിച്ചത്. മീനുമായി വരുന്ന വഴിക്ക് തടഞ്ഞ് നിർത്തുകയായിരുന്നു. 

ഇടുക്കി: മീൻ‌ വിൽ‌പനക്കാരനായ മധ്യവയസ്കനെ ഇടുക്കിയിൽ‌ അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി. സംഭവത്തിൽ അഞ്ചു പേർ‌ക്കെതിരെ കേസെടുത്തു. അറുപത്തെട്ടുകാരനായ അടിമാലി വാളറ സ്വദേശി എം. മക്കാറിനെയാണ് മർദ്ദിച്ചത്. മക്കാറിനെ ആളുകൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണ് കേസെടുത്തതെന്ന് മൂന്നാർ പൊലീസ് അറിയിച്ചു.

റിസോർട്ടിലേക്ക് മീൻ നൽകിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഞ്ചം​ഗസംഘം മർദ്ദിച്ചത്. മീനുമായി വരുന്ന വഴിക്ക് തടഞ്ഞ് നിർത്തുകയായിരുന്നു. റോഡിലിട്ട് ചവിട്ടുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കോതമം​ഗലം ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. പൊലീസിനെ അറിയിച്ചാൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്ന് മക്കാറിനെ മർദ്ദകസംഘം ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് പത്താം മൈൽ ഇരുമ്പുപാലം മേഖലകളിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ‌ 12 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ഓട്ടോയും ടാക്സിയും പണിമുടക്കിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. മാങ്കുളത്ത് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.   
 

click me!