പ്രധാനമന്ത്രിക്ക് പേടിയുള്ള അപൂർവ്വം ചിലരിൽ ഒരാളാണ് മമതാ ബാനർജി: എം കെ സ്റ്റാലിൻ

By Web TeamFirst Published Jan 19, 2019, 6:29 PM IST
Highlights

''മൗലിക ഹിന്ദുത്വവാദവും ഹൈന്ദവ വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയണം. മോദിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.'' റാലിയിൽ സംസാരിക്കവേ സ്റ്റാലിൻ പറഞ്ഞു. 

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പേടിയുള്ള അപൂർവ്വം ചിലരിൽ ഒരാളാണ് മമത ബാനർജി എന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ‌. കൊൽക്കത്ത ബ്രി​ഗേഡ് ​ഗ്രൗണ്ടിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. അയൺ ലേഡി എന്നാണ് മമതയെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ വിജയം തൂത്തുവാരുമെന്നും മുൻകൂർ അഭിനന്ദനങ്ങൾ നേരുന്നു എന്നുമായിരുന്നു മമതയുടെ പ്രതികരണം. 

ഈ വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപിയെയും മോദിയെയും‌ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ മെ​ഗാ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 22 പാ‍ർട്ടികളുടെ നേതാക്കളാണ് റാലിയിൽ സംബന്ധിക്കുന്നത്. വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ സമരത്തോട് സാദൃശ്യമുള്ളതായിരിക്കും എന്ന് സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ മൗലിക ഹിന്ദുത്വവാദത്തിനെതിരെയാണ് ജനങ്ങൾ പൊരുതാൻ പോകുന്നതെന്നും ഡിഎംകെ നേതാവ് കൂട്ടിച്ചേർത്തു. 

''സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രണ്ടാം പോരാട്ടമായിരിക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്. മൗലിക ഹിന്ദുത്വവാദവും ഹൈന്ദവ വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയണം. മോദിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.'' റാലിയിൽ സംസാരിക്കവേ സ്റ്റാലിൻ പറഞ്ഞു. താൻ‌ മാനേജിം​ഗ് ഡയറക്ടറായിരിക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആ​ക്കി രാജ്യത്തെ മാറ്റാനാണ് മോദിയുടെ ശ്രമം. പരാജയപ്പെടുമെന്ന് മോദിക്ക് ഉറപ്പുണ്ട്. വ്യക്തിപരമായ യാതൊരു വിധ വിരോധവും തനിക്ക് മോദിയോടില്ലെന്നും അദ്ദേഹത്തിന്റെ നയങ്ങളോടാണ് എതി‍ർപ്പെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
 

click me!