മോദി അംബാനിക്ക് സ്പെക്ട്രം വഴി വിട്ട് നൽകി; നഷ്ടം 69381 കോടി! സിഎജി റിപ്പോർട്ട് ആയുധമാക്കി കോൺഗ്രസ്

Published : Jan 14, 2019, 07:55 PM IST
മോദി അംബാനിക്ക് സ്പെക്ട്രം വഴി വിട്ട് നൽകി; നഷ്ടം 69381 കോടി! സിഎജി റിപ്പോർട്ട് ആയുധമാക്കി കോൺഗ്രസ്

Synopsis

മൊബൈൽ ടവറുകൾ തമ്മിൽ സിഗ്നലുകൾ കൈമാറുന്നത് പോലെ ചെറുദൂരങ്ങളിൽ ഉപയോഗിക്കുന്ന സ്പെക്ട്രമാണ് മൈക്രോവേവ് സ്പെക്ട്രം.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോൺഗ്രസ്. ചെറിയ ദൂരപരിധിയിൽ മൊബൈൽ സിഗ്നലുകൾ കൈമാറാൻ ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങൾ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്കും സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും നൽകി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഇതുവഴി 69381 കോടി രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത്. 2015-ൽ മൈക്രോവേവ് സ്പെക്ട്രം ഒരു കമ്പനിക്ക് 'ആദ്യം വന്നവർക്ക് ആദ്യം' (First Come First Serve) എന്ന രീതിയിൽ കരാറാക്കി നൽകി എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഏത് കമ്പനിക്കാണ് നൽകിയതെന്നും, എത്ര രൂപയുടെ നഷ്ടം ഇതുവഴി സർക്കാരിനുണ്ടായി എന്നും സിഎജി റിപ്പോർട്ടിലില്ല.

എന്നാൽ 101 കമ്പനികൾ മൈക്രോവേവ് സ്പെക്ട്രത്തിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഇത്തരത്തിൽ കരാർ നൽകിയത് നഷ്ടമുണ്ടാക്കും എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, ആദ്യം വന്നവർക്ക് ആദ്യം കരാർ നൽകുകയെന്നത് ടെലികോം മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഏത് സ്പെക്ട്രവും ലേലം ചെയ്താണ് ടെലികോം മന്ത്രാലയം നൽകാറുള്ളത്.

റിലയൻസ് ജിയോക്കാണ് ആദ്യം ഇത്തരത്തിൽ കേന്ദ്രസർക്കാർ മൈക്രോവേവ് സ്പെക്ട്രം കരാർ നൽകിയത്. പിന്നീട് സിസ്റ്റെമാ ശ്യാം എന്ന കമ്പനിക്കും കരാർ നൽകി. ഇത് അഴിമതിയാണെന്നും എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. 

എന്നാൽ ചട്ടങ്ങൾ പാലിച്ച് തന്നെയാണ് മൈക്രോവേവ് സ്പെക്ട്രം നൽകിയതെന്നും മാർക്കറ്റ് വിലയ്ക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചാൽ ആ വില തരണമെന്ന വ്യവസ്ഥപ്രകാരമാണ് ജിയോക്കും സിസ്റ്റെമാ ശ്യാമിനും കരാർ നൽകിയിരിക്കുന്നതെന്നുമാണ് ടെലികോം മന്ത്രാലയത്തിന്‍റെ വിശദീകരണം.

ടവറുകളിൽ നിന്ന് മൊബൈൽ ഫോണുകളെ ബന്ധിപ്പിക്കുന്ന സ്പെക്ട്രത്തിന് ആക്സസ് സ്പെക്ട്രം (Access Spectrum) എന്നാണ് പറയുന്നത്. ടവറുകളെ തമ്മിൽത്തമ്മിൽ ബന്ധിപ്പിക്കാനാണ് മൈക്രോവേവ് സ്പെക്ട്രം പൊതുവേ ഉപയോഗിക്കുന്നത്. ആക്സസ് സ്പെക്ട്രം ലേലം ചെയ്യാനും എന്നാൽ മൈക്രോവേവ് സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്നുമാണ് കേന്ദ്രടെലികോം മന്ത്രാലയം കഴിഞ്ഞ ജൂണിൽ തീരുമാനിച്ചത്.

പവൻ ഖേരയുടെ വാർത്താ സമ്മേളനം:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി