അണ്ണാഡിഎംകെ സഖ്യത്തെക്കുറിച്ച് മിണ്ടാതെ മോദി; പ്രതിഷേധങ്ങൾക്കിടെ മോദിയുടെ തമിഴ്നാട് സന്ദർശനം

By Web TeamFirst Published Jan 27, 2019, 6:48 PM IST
Highlights

ജെല്ലിക്കെട്ട് വിഷയത്തിലെ കേന്ദ്രനിലപാടില്‍ നരേന്ദ്രമോദിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രശംസ. പ്രതിപക്ഷഐക്യത്തേയും ഡിഎംകെയും കടന്നാക്രമിച്ച മോദി പൊതുസമ്മേളനത്തില്‍ അണ്ണാഡിഎംകെയെക്കുറിച്ച് പരാമര്‍ശിച്ചില്ല.

ചെന്നൈ: പ്രതിപക്ഷ പ്രതിഷേധത്തിനിടെ, തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മധുര എയിംസിന്
പ്രധാനമന്ത്രി തറക്കല്ലിട്ടു. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യത്തെ കടന്നാക്രമിച്ച മോദി, അണ്ണാഡിഎംകെ സഖ്യത്തെക്കുറിച്ച് മിണ്ടിയില്ല. അതേസമയം ഡിഎംകെയ്ക്കൊപ്പം ബിജെപി വിരുദ്ധപാളയത്തില്‍ തന്നെ എന്ന് ഉറപ്പിക്കുന്നതായിരുന്നു എംഡികെയുടെ പ്രതിഷേധം. 

തെരഞ്ഞെടുപ്പ് സഖ്യചര്‍ച്ചകള്‍ക്കായി അണ്ണാഡിഎംകെ, മന്ത്രിമാര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റി രൂപീകരിച്ച് ദിവസങ്ങള്‍ക്കകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മധുരയിലെത്തിയത്. താത്പര്യമുള്ള പാര്‍ട്ടികളുമായി ദ്രാവിഡമണ്ണില്‍ സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു സന്ദർശനം.ജെല്ലിക്കെട്ട് വിഷയത്തിലെ കേന്ദ്രനിലപാടില്‍ നരേന്ദ്രമോദിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രശംസിച്ചു. പ്രതിപക്ഷഐക്യത്തേയും ഡിഎംകെയും കടന്നാക്രമിച്ച മോദി എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രചരണത്തിന് തുടക്കം കുറിക്കുമെന്ന് കരുതിയ പൊതുസമ്മേളനത്തില്‍ അണ്ണാഡിഎംകെയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. മക്കള്‍ നീതി മയ്യം അടക്കം മൂന്നാം മുന്നണിയായി പോരാട്ടത്തിനറങ്ങുന്നിടത്ത് ബിജെപി എഐഡിഎംകെ സഖ്യചര്‍ച്ച ഇനിയും നീണ്ടേക്കും. 

പ്രത്യക്ഷമായും സാമൂഹിക മാധ്യമങ്ങള്‍‌ വഴിയും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനും നരേന്ദ്രമോദിയുടെ മധുര സന്ദര്‍ശനം വഴിവച്ചു. എംഡിഎംകെ,തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം, മെയ് 17 ഇയക്കം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബലൂണുകള്‍ പറത്തിവിട്ടുമാണ് മോദിയെ വരവേറ്റത്. എംഡിഎംകെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.എന്നാല്‍ ഡിഎംകെ പ്രതിഷേധം സമൂമാധ്യമങ്ങളില്‍ ഒതുങ്ങി. ട്വിറ്ററില്‍ മോദി ഗോ ബാക്ക്, സാഡിസ്റ്റ് മോദി ഗോ ബാക്ക് തുടങ്ങിയ ഹാഷ് ടാഗുകളിലായിരുന്നു പ്രചരണം. നാലരവര്‍ഷം അനങ്ങാതിരുന്ന ബിജെപി പെട്ടന്ന് എംയിസിന്‍റെ അവകാശവാദത്തിന് രംഗത്തെത്തുന്നുവെന്നാണ് ഡിഎംകെയുടെ വിമര്‍ശനം.

click me!