
ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് പോകുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോക്ലാമില്‍ നിന്ന് ചൈന റോഡ് നിര്‍മ്മാണ യന്ത്രങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷമാണ് ഇന്ത്യയുടെ പ്രഖ്യാപനം ഉണ്ടായത്.
അതിര്‍ത്തിയില്‍ മഞ്ഞുരുകിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ സുപ്രധാന ചുവട്. ബ്രിക്‌സ് ഉച്ചകോടിക്ക് ചൈനയിലേക്ക് പ്രധാനമന്ത്രി പോകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിന്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിയാമെന്നില്‍ നടക്കുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി മോദി പ്രത്യേക ചര്‍ച്ച നടത്തിയേക്കും.
ദോക്ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ധാരണയുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യത്തിന്റെയും സേനകള്‍ ഇന്നലെ പിന്‍മാറി. പട്രോളിംഗിന് ആവശ്യമായ സൈനികരേ ഇവിടെ തുടരൂ എന്ന് ചൈന വ്യക്തമാക്കി. റോഡ് നിര്‍മ്മാണത്തിന് ചൈന കൊണ്ടു വന്ന വന്‍യന്ത്ര സാമഗ്രികളും തിരികെ കൊണ്ടു പോയിത്തുടങ്ങി. തല്‌ക്കാലം പ്രശ്നപരിഹാരമായെങ്കിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടി മോദിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകും. അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയത്തെ ഈ നയതന്ത്ര നേട്ടത്തിന് അഭിനന്ദിക്കുന്നുവെന്ന് ശശിതരൂര്‍ എം.പി പറഞ്ഞു.
ദോക്ലാമില്‍ നിന്ന് പിന്‍മാറിയ ഇന്ത്യന്‍ സൈനികര്‍ ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ കഴിയുന്ന അകലത്തിലാവും തമ്പടിക്കുകയെന്നാണ് പ്രതിരോധ വ്യത്തങ്ങള്‍ നല്കുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam