ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍: മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു

Published : Feb 14, 2019, 02:05 PM ISTUpdated : Feb 14, 2019, 04:57 PM IST
ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍: മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു

Synopsis

ഒരു സ്വകാര്യ വസ്ത്ര കമ്പനിയുടെ ഖാ​ദി ഉൽപന്നത്തിന്റെ പരസ്യത്തിൽ ഖാദി ബോർഡ് ബ്രാൻഡ് അംബാസിഡർ കൂടിയായ  മോഹൻലാൽ അഭിനയിച്ചതിനെതിരെ ശോഭനാ ജോർജ്ജ്  രം​ഗത്തു വന്നിരുന്നു. 

തിരുവനന്തപുരം: പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ്  ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ്  മാപ്പുപറയണമെന്നും, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹൻലാൽ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്. 

ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാ​ഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും  നോട്ടീസ് അയച്ചു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. ഇക്കാര്യം അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പൊതുവേദിയിൽ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാർത്തയായി. 

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീൽ നോട്ടീസിനെ തുടര്‍ന്ന് മോഹൻലാൽ ചർക്ക നൂൽക്കുന്ന പരസ്യം പിൻവലിക്കാൻ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാൽ ശോഭനയുടെ പരാമർശങ്ങൾ തനിക്ക് ഇത് വ്യക്തപരമായി വലിയ അപമാനമായെന്ന വികാരമാണ് മോഹൻലാലിനുള്ളത്. ഇതാണ് നിയമനടപടികളിലേക്ക് കടക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാലിന്‍റെ ആവശ്യം. തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോർജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു. എന്നാൽ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുൻപാണ് ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീൽ നോട്ടീസിൽ മോഹൻലാൽ പറയുന്നു. 

തനിക്കെതിരെ അപവാദപ്രചരണം നടത്തിയ ശോഭനാ ജോർജ്ജ് പരസ്യമായി മാപ്പ് പറയണമെന്നും ഖേദപ്രകടനം മുൻനിര പത്രങ്ങളിലും ചാനലുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. 2018 നവംബര്‍ 22 എന്ന് തീയതി ഇട്ട് അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാൻ ഖാദി ബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ