ഇമാമിനെതിരായ പോക്സോ കേസ്; പീഡനം നടന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ്

By Web TeamFirst Published Feb 14, 2019, 1:49 PM IST
Highlights

പീഡനം നടന്നതായി സ്ഥിരീകരിച്ചെന്ന് പൊലീസ്. പെൺകുട്ടിയും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നു. ഇമാമിനെതിരെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

തിരുവനന്തപുരം: തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി സ്ഥിരീകരിച്ച് പൊലീസ്. പെൺകുട്ടിയും കുടുംബവും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഇമാമിനെതിരെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്നും രണ്ട് ദിവസത്തിനകം പ്രതിയെ കണ്ടെത്തും നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോക് അറിയിച്ചു.

ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെൺകുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഇന്നലെ പൂർത്തിയായിരുന്നു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാൾക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിൻറെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്‍റ് പരാതിയിലാണ് കേസെടുത്തത്.

ഇമാം പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസിൽ പരാതി പെടാൻ തയാറാകാത്ത കുടുംബം ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.

click me!