
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ കുരങ്ങുപനി വ്യാപിക്കുന്നു. സാഗർ താലൂക്കിൽ നിന്നുള്ള അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ശിവമോഗയിൽ മാത്രം പതിനഞ്ചോളം പേരിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി പറയപ്പെടുന്നു. രണ്ടായിരത്തിലധികം പേർക്ക് പ്രതിരോധ വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ കുരങ്ങുപനി ബാധിച്ച് രണ്ട്പേർ മരിച്ചിരുന്നു. പതിനെട്ടോളം പേരിൽ ഈ രോഗത്തിന്റെ സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി ഗ്രാമവാസികൾ രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ മൂലമാണ് രോഗം വ്യാപിക്കുന്നതെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
കർണാടകത്തിലെ വനഗ്രാമത്തിലാണ് കുരങ്ങ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1957 ൽ ഷിമോഗ ജില്ലയിലെ ക്യാസ്നോർ വനത്തിലാണ് ആദ്യം രോഗം പ്രത്യക്ഷപ്പെട്ടത്. നിരവധി ഗ്രാമവാസികളും വന്യമൃഗങ്ങളും തുടർച്ചയായി മരണപ്പെട്ടു കൊണ്ടിരുന്നു. അതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.
കേരളത്തിലും ഈ പനി എത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വള്ളിക്കാവിലാണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. അമ്പലം വക സ്ഥലത്ത് ഇരുന്നൂറോളം കുരങ്ങൻമാർ താമസിച്ചിരുന്നു. ഇവ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ അന്വേഷണം നടത്തിയത്. രോഗവാഹിയാകുന്നത് വട്ടൻ ചെള്ളുകളാണ്. ഇവയുടെ കടിയേറ്റാൽ എട്ടു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കണ്ണിന് ചുവപ്പ് നിറം, പനി, ശക്തിയായ തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam