
ശ്രീനഗര്‍: ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ച സംഭവത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന സൈനികന്‍ കസ്റ്റഡിയില്‍. കേസില്‍ എഫ്ഐആറില്‍ പേരുള്ള സൈനികന്‍ ജിതേന്ദ്ര മാലിക് എന്ന ജീതു ഫൗജിയെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീനഗറില്‍ ഇയാള്‍ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. യു.പി പൊലീസിന്‍റെ ആവശ്യപ്രകാരം ആണ് നടപടി എന്നാണ് അറിയുന്നത്. ഇയാളെ ഉടന്‍ യുപി പൊലീസിന് കൈമാറിയേക്കും.
ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്‍റെ മരണത്തിനും ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ചത് തന്റെ മകനാണ് എന്ന് തെളിഞ്ഞാല്‍ അയാളെ താന്‍ തന്നെ കൊല്ലുമെന്ന് നേരത്തെ ജീതുവിന്‍റെ മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു.
ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും. പൊലീസുകാരന്‍റെയും മറ്റേ യുവാവിന്റേയും കൊലപാതകങ്ങളില്‍ എനിക്ക് വിഷമമുണ്ട് – ജീത്തു ഫൗജിയുടെ അമ്മ രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. അതേസമയം പൊലീസ് തന്‍റെ വീട് റെയ്ഡ് ചെയ്ത് അതിക്രമം നടത്തിയതായും ജീത്തുവിന്‍റെ ഭാര്യ പ്രിയങ്കയെ മര്‍ദ്ദിച്ചതായും വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചതായും രത്തന്‍ കൗര്‍ പരാതിപ്പെടുന്നു.
ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ താന്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 3നാണ് ഗ്രാമത്തിൽ പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടറെ അക്രമികൾ പിന്തുടർന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു.
സുബോധ് സിംഗിന്‍റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു ആക്രമണ ശേഷം. അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ അത്യസന്ന നിലയിലാണ്.
ഒരു ടാറ്റാ സുമോ കാറില്‍ സുബോധ് സിംഗിന്‍റെ മൃതദേഹം കിടക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളിലാരോ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 2015-ലെ അഖ്ലാക് വധം അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിങ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam