
പമ്പ: ശബരിമലയിൽ വീണ്ടും പകൽ നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞ ശേഷം നിയന്ത്രണമേർപ്പെടുത്തിയ ശേഷമാണ് പിന്നീട് ഭക്തരെ കയറ്റിവിട്ടത്. ഇന്ന് പൊതുവേ സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും പതിനെട്ടാം പടിയിൽ വരി നിൽക്കാതെ തന്നെ കയറാവുന്ന നിലയാണ്.
സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാണ് പകലും നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. രാഷ്ട്രീയനേതാക്കളടക്കം ഇന്ന് വൈകിട്ടോടെ കൂടുതൽ പേർ ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്താൻ സാധ്യതയുള്ളതിനാലാകാം നിയന്ത്രണങ്ങളെന്നാണ് കരുതപ്പെടുന്നത്.
നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളിൽ ആളുകൾ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാൽ മതിയെന്നാണ് പൊലീസ് കെഎസ്ആർടിസിക്ക് നിർദേശം നൽകിയിരിക്കുന്നത്. നിരവധി കെഎസ്ആർടിസി ബസ്സുകൾ ഇപ്പോൾ നിലയ്ക്കൽ പിടിച്ചിട്ടിരിക്കുകയാണ്.
ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്‍റ് കെ.പി.ശശികല ദർശനം നടത്താനായി പമ്പയിലെത്തും. പൊലീസ് അവരെ തടയില്ല. മല കയറിയാൽ ദർശനം കഴിഞ്ഞാലുടനെ താഴെ ഇറങ്ങാമെന്ന് ഇന്നലെ തിരുവല്ല മജിസ്ട്രേറ്റിന് മുമ്പാകെ അവർ എഴുതി നൽകിയിരിക്കുന്നത്. അതനുസരിച്ച് ദർശനം നടത്തി അവർ താഴെ ഇറങ്ങുമെന്നാണ് കരുതുന്നത്.
കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ എന്നിവർ പമ്പയിലെത്തി. ഭക്തർക്കേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അവരെ വലയ്ക്കുന്നുവെന്നും അത് പിൻവലിയ്ക്കണമെന്നും കോൺഗ്രസ് നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ക്രമസമാധാനപ്രശ്നങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം അധികം പേരെ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്ന് പൊലീസ് അവരോട് വിശദീകരിച്ചു.
സന്നിധാനത്ത് തിരക്ക് കുറവ്
കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാർ തമ്പടിച്ചിരുന്ന വലിയ നടപ്പന്തൽ ഇത്തവണ ശാന്തമാണ്.സംശയം തോന്നുന്ന ആരെയും നടപ്പന്തൽ നിൽകാൻ പോലും പോലീസ് അനുവദിക്കുന്നില്ല. സുരക്ഷാ പരിശോധനകൾ പോലീസ് കർശനമായി തുടരുമ്പോഴും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്നുണ്ട്.
നടപ്പന്തലിൽ തങ്ങാൻ ആരെയും അനുവദിക്കുന്നില്ല. ദർശനം കഴിഞ്ഞ് മടങ്ങുന്നതു വരെ നടപ്പന്തലിലേക്ക് ആർക്കും ഇറങ്ങേണ്ടിവരുന്നുമില്ല. കർശനപരിശോധനയ്ക്കു ശേഷമേ തീർഥാടകരെ പതിനെട്ടാം പടിയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തീർഥാടകർക്ക് സുഗമമായി ദർശനം നടത്തി മടങ്ങുന്നതിന് തടസ്സങ്ങളില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam