തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കുന്നു

By Web DeskFirst Published Sep 8, 2017, 6:27 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ തീരുമാനം. ഓരോ വകുപ്പിനും വേണ്ട വെന്റിലേറ്ററുകളുടെ എണ്ണം സംബന്ധിച്ചു വകുപ്പ് യോഗം ചേർന്നു സർക്കാരിന് റിപ്പോർട്ട് നൽകണം.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പുതുതായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തില്‍ തീരുമാനം. നവീകരിക്കപ്പെടുന്ന പുതിയ അത്യാഹിത വിഭാഗത്തെ എയിംസിന്റെ മാതൃകയിലാക്കി മാറ്റാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തതിന്റെ തുടര്‍ച്ചയായിരുന്നു ഈ ഉന്നതതലയോഗം.

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, അനസ്തീഷ്യ, നൂറോ സര്‍ജറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരെ ഏകോപിപ്പിച്ചായിരിക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുക. പ്രൊഫസര്‍ അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലുള്ള ഡോക്ടറിനായിരിക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ ചുമതല. ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികളെടുക്കാനും തീരുമാനമായി. അതുവരെ നിലവിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ഏകോപിപ്പിച്ചായിരിക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുക.

അത്യാഹിത വിഭാഗത്തിലെ ട്രയേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സത്വര നടപടികളെടുക്കും. ഇതിനായി ട്രയേജ് പ്രോട്ടോകോള്‍ നടപ്പിലാക്കും. താമസം കൂടാതെ രോഗിക്ക് എങ്ങനെ മികച്ച അത്യാഹിത വിഭാഗ ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

ഒരു രോഗി എത്തുമ്പോള്‍ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചു വിടുന്നു. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ 3 മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. ഇതോടൊപ്പം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിലവിലുള്ളത് കൂടാതെ പുതിയ സി.ടി. സ്‌കാന്‍ സൗകര്യവുമൊരുക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വിവിധ വകുപ്പ് മേധാവികള്‍, വിവിധ സ്വകാര്യ ആശുപത്രികളിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം വിദഗ്ധര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

click me!