
ആലുവ:ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച്ച രാവിലെ തുറന്നതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെ വന്നാല്‍ ഇന്നും നെടുന്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിക്കാനോ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാനോ സാധ്യതയുണ്ട്. നിലവില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്നും വെള്ളത്തിന്‍റെ ഒഴുക് കൂടി കണക്കിലെടുത്ത് 12 മണിയ്ക്ക് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ എത്തിയ വെള്ളം റണ്‍വേയില്‍ കയറിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇടമലയാറിനൊപ്പം ഇടുക്കി ഡാമില്‍ നിന്നും കൂടി വെള്ളമെത്തുന്നതോടെ കാര്യങ്ങള്‍ കുറേ കൂടി സങ്കീര്‍ണാവും എന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. ഇന്നലെ റണ്‍വേയില്‍ നിറഞ്ഞ വെള്ളം പന്പ് ഉപയോഗിച്ച് കളഞ്ഞാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയത്.
നെടുന്പാശ്ശേരി വിമാനത്താവളത്തിന്‍റെ റണ്‍വേയോട് ചേര്‍ന്ന് കിടക്കുന്ന ചെങ്കല്‍ തോടില്‍ നിലവില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളപ്പൊക്കം മുൻകൂട്ടി കണ്ട് നേരത്തെ ചെങ്കൽ തോട് വികസിപ്പിച്ചിരുന്നുവെങ്കിലും പുതുക്കി പണിത തോടിന് കൈകാര്യം ചെയ്യാവുന്നതിലും കൂടുതല്‍ വെള്ളമാണ് കഴിഞ്ഞ ദിവസം പെരിയാറിലൂടെ ഒഴുകിയെത്തിയത്.
ആശങ്കയോടെ പെരിയാര്‍തീരം...
ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്.
വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.നിലവിൽ പെരിയാറിന്റെ നൂറ് മീറ്റർ പരിധിയിലുള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. എന്നാൽ ഇതിലേറെ ദൂരത്തിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ആളുകൾ സ്വമേധയാ ഒഴിഞ്ഞു പോയിട്ടുണ്ട്.
പെരിയാറിലെ ചെളിയുടെ അംശം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് നദിയില്‍ നിന്നുള്ള പന്പിംഗ് വാട്ടര്‍അതോറിറ്റി നിര്‍ത്തി വച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 57 ദുരിതാശ്വാസ ക്യാംപുകളായി 1076 കുടുംബങ്ങളിലെ 3521 പേര്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ വിതരണം ഉൗര്‍ജിതപ്പെടുത്താന്‍ യോഗം നിര്‍ദേശം നല്‍കി. പെരിയാറിലെ പംബിംഗ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. നാളെ കര്‍ക്കിടക വാവ്വുബലി ആയതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കാനും ചടങ്ങുകള്‍ക്ക് പൊലീസ് നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ ധാരണയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam