
ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷമാണ് നാടെങ്ങും ചർച്ച ചെയ്യുന്നത്. ലോകത്തിന്‍റെ വിവിധ മേഖലകളിൽ വിവാഹത്തിന് പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി വിമാനസർവ്വീസുകളും അതിഥികളെ സ്വീകരിക്കുന്നതിനായി ആഢംബര കാറുകളും ഒരുക്കി അത്യാഢംബരമായി മകളുടെ വിവാഹാഘോഷങ്ങൾക്ക് അംബാനി തുടക്കമിട്ടത്.
എന്നാൽ, ഇതൊന്നുമല്ലാ ആളുകളെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത വിരുന്ന് അടിച്ചുപൊളിക്കാൻ ഉദയ്പൂരിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രശസ്ത പോപ് ഗായിക ബിയോൺസയും ഉണ്ടായിരുന്നെന്നത് വളരെ ശ്രദ്ധേയമായി. ബിയോൺസയെ സംഗീത വിരുന്നിലെത്തിക്കാൻ അംബാനി മുടക്കിയ തുക കേട്ടാണ് ആളുകളുടെ കണ്ണ് തള്ളിയിരിക്കുന്നത്.
മൂന്ന് മുതൽ നാല് മില്യൺ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്താൽ ബിയോൺസയുടെ പ്രതിഫലം. അതായത് ഇന്ത്യൻ കറൻസി 21 കോടി മുതൽ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോർട്ട് പ്രകാരം കോച്ചാലാ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി 21 കോടി രൂപയാണ് ബിയോൺസ പ്രതിഫലം കൈപ്പറ്റിയത്. എന്നാൽ, 21 കോടി, 28 കോടി രൂപയാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ബിയോൺസ പ്രതിഫലം കൈപ്പറ്റിയതെന്ന് സംഘാടകർ പറഞ്ഞു.
2017ലെ കണക്കുപ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഗായികയാണ് ബിയോൺസ. 754 കോടിയാണ് ബിയോൺസയുടെ സമ്പാദ്യം. ജെന്നിഫർ ലോപ്പസിനൊപ്പം വിലയുള്ള ഗായികയാണ് ബിയോൺസ. 50 കോടിയാണ് ഒരു സ്വകാര്യ പരിപാടിക്ക് ജന്നിഫർ കൈപ്പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
718 കോടി രൂപയാണ് മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി ചെലവഴിച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കത്രീന കെയ്ഫ്, രൺവീർ സിങ്, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജയ ബച്ചൻ. ശ്വേത ബച്ചൻ, കരീഷ്മ കപൂർ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക തുടങ്ങിവരും ആഘോഷത്തിന്റെ ഭാഗമായി. മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റൺ ആഘോഷത്തിലെ മുഖ്യ അതിഥിയായി എത്തി.
പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകൻ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്. ബാല്യകാലം മുതല്‍ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.
ഉദയ്പൂർ പാലസിൽ വച്ചാണ് വിവാഹപൂർവ ആഘോഷങ്ങൾ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ ആഢംബര വസതിയായ മുംബൈയിലെ ആന്റിലിയയിൽ വച്ചായിരുന്നു വിവാഹം. ഇഷ അംബാനിയുടെ വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആന്റിലിയയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam