
തിരുവനന്തപുരം: എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിൽ അഴിമതി വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്ന സാഹചര്യത്തിൽ എക്സൈസ് മന്ത്രി രാജി വയ്ക്കണം. വിഷയത്തിൽ ഇടതു മുന്നണിയിലെ മറ്റു കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയേം ബ്രൂവറി വിവാദത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. നിയമ വിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്നും ആർക്ക് അനുമതി കൊടുക്കണം എന്ന് പരിശോധിച്ചു തീരുമാനിക്കേണ്ടത് എക്സൈസ് വകുപ്പാണെന്നും കാനം പറഞ്ഞു.
ബ്രുവറികളും ഡിസ്ലറികളും അനുവദിച്ചതിൽ അന്വേഷണം നടത്താൻ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നലെ ഗവർണക്ക് കത്തു നൽകിയിരുന്നു. അതേസമയം, സംസ്ഥാനത്ത് പുതുതായി ബ്രൂവറികൾ സ്ഥാപിച്ചത് അബ്കാരി നയം പാലിച്ചാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പുതുതായി ബ്രൂവറികൾ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
അബ്കാരി നയം പരിശോധിച്ച് ബ്രൂവറികൾ അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണ്. മദ്യനിർമാണശാലകൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാമെന്നും, ഇതുവരെ സർക്കാരിന് അഞ്ച് അപേക്ഷകൾ കിട്ടിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ചതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് മാര്‍ച്ച് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനുമുന്നിലേക്കായിരുന്നു മാര്‍ച്ച്. മുഖ്യമന്ത്രിയുടേയും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍റേയും കോലം കത്തിച്ചു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam