
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നതോടെ ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് കൂടുന്നത് നേരിയ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ മഴ കുറവായതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുമെന്നാണ് വിലയിരുത്തൽ. നിലവിൽ സെക്കന്‍റിൽ 2,200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അതേസമയം നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നു. ചെറുതോണി ഷട്ടറിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്. 2,396.8 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും ശക്തമായ നീരൊഴുക്ക് തുടരുന്നതുമാണ് കെഎസ്ഇബിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത്.
പതിനൊന്ന് മണിയോടെ ചെറുതോണി ഷട്ടറിലൂടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് പ്രതിസെക്കന്‍റിൽ നാലര ലക്ഷം ലിറ്ററിൽ നിന്ന് മൂന്ന് ലക്ഷമാക്കി കുറച്ചിരുന്നു. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.1 മീറ്റർ മാത്രമാണ് നിലവിൽ തുറന്ന് വച്ചിരിക്കുന്നത്. എന്നാൽ പീരുമേട്ടിലടക്കം മഴ കൂടിയതോടെ നീരൊഴുക്ക് കൂടി, അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു.
അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. ഇടുക്കിയുടെ മറ്റിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. പഴയ മൂന്നാറിലെ കൊച്ചി_ധനുഷ്കോടി ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്നാർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam