'ആര്‍ബിഐ ഹെല്‍പ്‍ലൈന്‍' നമ്പറില്‍ വിളിച്ച വൃദ്ധന് നഷ്ടമായത് 48000 രൂപ

By Web TeamFirst Published Jan 15, 2019, 2:44 PM IST
Highlights

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള വഴിതേടിയാണ് ഇയാള്‍ ഓണ്‍ലൈനില്‍നിന്ന് ലഭിച്ച ആര്‍ബിഐ ഹെല്‍പ്‍ലൈന്‍ നമ്പറില്‍ വിളിച്ചത്. 

മുംബൈ: കയ്യിലുണ്ടായിരുന്ന നിരോധിച്ച നോട്ട് മാറ്റാന്‍ ആര്‍ബിഐയുടെ ഹെല്‍പ്‍ലൈന്‍ നമ്പറുമായി ബന്ധപ്പെട്ട വൃദ്ധന് നഷ്ടമായത് 48000 രൂപ. വീട് വൃത്തിയാക്കുമ്പോള്‍ ഏഴായിരം രൂപ വരുന്ന നിരോധിച്ച നോട്ടുകളാണ് മുംബൈ സ്വദേശിയായ വിജയകുമാര്‍ മാര്‍വ്വയ്ക്ക് ലഭിച്ചത്. ഇത് മാറ്റിയെടുക്കുന്നതിനുള്ള വഴിതേടിയാണ് ഇയാള്‍ ഓണ്‍ലൈനില്‍നിന്ന് ലഭിച്ച ആര്‍ബിഐ ഹെല്‍പ്‍ലൈന്‍ നമ്പറില്‍ വിളിച്ചത്. 

എന്നാല്‍ യഥാര്‍ത്ഥ നമ്പര്‍ ആയിരുന്നില്ല അത്. ഓണ്‍ലൈനില്‍നിന്ന് ലഭിച്ച വ്യാജ നമ്പറിലാണ് മാര്‍വ്വ വിളിച്ചത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ മാര്‍വ്വയോട് ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒപ്പം വണ്‍ ടൈം പാസ്‍വേര്‍ഡും മനസ്സിലാക്കി. മിനുട്ടുകള്‍ക്കുളളില്‍ മാര്‍വ്വയുടെ അകൗണ്ടില്‍നിന്ന് 48000 രൂപയാണ് നഷ്ടമായത്. 

സംഭവത്തില്‍ മാര്‍വ്വ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചതായി  പൊലീസ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ പുതിയ ടെക്നിക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. 

click me!