'കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയാണ്'; കോളേജ് പ്രൊഫസർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

By Web TeamFirst Published Jan 15, 2019, 2:44 PM IST
Highlights

പടിഞ്ഞാറൻ ബം​ഗാളിലെ ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാ​ഗം പ്രൊഫസർ കനക് സർക്കാറാണ് 'കന്യകയായ വധു എന്തുകൊണ്ടില്ല' എന്ന തലക്കെട്ടോടുകൂടി പങ്കുവച്ച പോസ്റ്റ് പിൻവലിച്ചത്. 

കൊൽക്കത്ത: സ്ത്രീകളുടെ കന്യകാത്വത്തെ സീൽ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയ കോളേജ് പ്രൊഫസർ പ്രതിഷേധങ്ങൾക്കെടുവിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. പടിഞ്ഞാറൻ ബം​ഗാളിലെ ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാ​ഗം പ്രൊഫസർ കനക് സർക്കാറാണ് 'കന്യകയായ വധു എന്തുകൊണ്ടില്ല' എന്ന തലക്കെട്ടോടുകൂടി പങ്കുവച്ച പോസ്റ്റ് പിൻവലിച്ചത്. 

"പല ആൺക്കുട്ടികളും ഇപ്പോഴും വിഡ്ഢികളാണ്. അവർ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. സീൽ പൊട്ടിയ ശീതളപാനീയമോ ബിസ്ക്കറ്റ് പാക്കറ്റോ ആരെങ്കിലും വാങ്ങിക്കുമോ എന്ന് അദ്ദേഹം പോസ്റ്റിൽ‌ പറയുന്നു. ഇതുപോലെ തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യവും. ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് പിറക്കുന്നത്. കന്യകയായ പെൺകുട്ടിയെന്നാൽ മൂല്യങ്ങൾ,​ സംസ്കാരം,​ ലൈംഗിക ശുചിത്വം എന്നിവ കൂടിച്ചേർന്നതാണ്. ആൺകുട്ടികൾക്ക് കന്യകയായ ഭാര്യയെന്നാൽ ഒരു മലാഖ പോലെയാണെന്നും:" അദ്ദേഹം പോസ്റ്റിൽ കുറിച്ചു. 

എന്നാൽ പോസ്റ്റിനെതിരെ ​രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ കനക് സർക്കാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പിന്നീട് പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണം നൽകി അദ്ദേഹം വീണ്ടും രം​ഗത്തെത്തി. "പോസ്റ്റ് തികച്ചും വ്യക്തിപരമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോ​ഗിച്ചാണ് പോസ്റ്റ് പങ്കുവച്ചതെന്നും കനക് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൽ ഏതെങ്കിലും വ്യക്തിക്ക് എതിരായി ഒന്നും എഴുതിയിട്ടില്ല. തെളിവുകളുടെ അഭാവത്തിലല്ല എഴുതിയത്. താൻ സാമൂഹിക ​ഗവേഷണമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് എഴുതുന്നതെന്നും" കനക് സർക്കാർ കുറിച്ചു.   

click me!