
മുംബൈ: മഹാപ്രളയത്തിൽ നിന്ന് കരകയറുന്ന കേരള ജനതക്ക് കൈതാങ്ങാകാൻ മുംബെയിലെ വനിതാ ട്രാഫിക്ക് പൊലീസും. രക്ഷാബന്ധൻ ദിനമായ ഞായറാഴ്ച പാൽഘർ ട്രാഫിക് പോലീസിലെ വനിതകൾ നിരത്തുകളിൽ ഇറങ്ങിയത് ‘രാഖി വിത്ത് കാക്കി’ എന്ന പ്രത്യേക ക്യാമ്പെയിനുമായിട്ടായിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളിൽ ചീറിപായുന്നവർക്ക് രാഖി കെട്ടുകയും പിഴയായി കിട്ടിയ തുകകൾ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകാൻ സ്വരുകൂട്ടുകയുമായിരുന്നു.
നിറ കൈയ്യടിയോടെയാണ് ജനങ്ങൾ ‘രാഖി വിത്ത് കാക്കി’ എന്ന ക്യാമ്പയിനിനെ സ്വീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 70,000 രൂപ വനിത പൊലീസുകാർ സമാഹരിക്കുകയും ചെയ്തു. ട്രാഫിക് നിയമലഘനം നടത്തിയവരുടെ കൈകളില്‍ രാഖി കെട്ടികൊടുത്ത ശേഷം പിഴത്തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവർഷൈൻ സിറ്റി എന്നിവിടങ്ങളിലായിരുന്നു വനിതാ ട്രാഫിക് പോലീസുകാരുടെ പ്രവർത്തനം.
വസായിൽവെച്ചാണ് ഹെൽമെറ്റ് ധരിക്കാത്തതിന്‍റെ പേരിൽ അസ്‌ലം ഷെയ്‌ക്ക് എന്നയാളെ പിടികൂടിയത്. തന്റെ കൈയിൽ രാഖികെട്ടിയശേഷം പിഴത്തുക സംഭാവനപ്പെട്ടിയിലിടാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് പോലീസിന്റ ഈ ഉദ്യമം കണ്ട് നിയമം ലംഘിക്കാത്തവരും സാധാരണക്കാരും വാഹനങ്ങൾ നിർത്തി സംഭാവന നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam