ഒരു സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ രാകേഷ് അടുത്തേക്ക് വന്ന് വഴി ചോദിച്ചു. പിന്നീട് മുന്നോട്ട് പോയി സ്കൂട്ടർ പാർക്ക് ചെയ്ത് കാൽനടയായി തിരിച്ചെത്തി ഡോക്ടറെ കയറിപ്പിടിക്കുകയായിരുന്നു.  

ബെംഗളൂരു: കർണാടകയിൽ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് (21)നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്. ഡിസംബർ 16നു രാത്രി നടന്ന സംഭവത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ജോലി കഴിഞ്ഞ് പിജിയിലേക്കു മടങ്ങിയ യുവതിയെ സ്കൂട്ടറിലെത്തിയ രാകേഷ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കടന്നു പിടിക്കുകയായിരുന്നു. യുവതി തടയാൻ ശ്രമിച്ചപ്പോൾ ബലമായി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. വനിതാ ഡോക്ടറുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബെംഗളൂരുവിലെ ചിക്കബനവാരയിലെ എജിബി ലേഔട്ടിൽ ആണ് സംഭവം നടന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ഡിസംബർ 16ന് ഡ്യൂട്ടി പൂർത്തിയാക്കി ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആശുപത്രിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന ഡോക്ടർ താമസ സ്ഥലത്തിനിടുത്ത് ഓട്ടോ ഇറങ്ങി, ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു പോകവെയാണ് പ്രതി സ്ഥലത്തെത്തിയത്. ഒരു സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ രാകേഷ് അടുത്തേക്ക് വന്ന് വഴി ചോദിച്ചു. പിന്നീട് മുന്നോട്ട് പോയി സ്കൂട്ടർ പാർക്ക് ചെയ്ത് കാൽനടയായി തിരിച്ചെത്തി ഡോക്ടറെ കയറിപ്പിടിക്കുകയായിരുന്നു. ഡോക്ടർ ഉറക്കെ നിലവിളിച്ചതോടെ പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

വനിത ഡോക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ് പിജി ഹോസ്റ്റലിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ക്യാമറയിൽ രാകേഷ് സ്കൂട്ടറിൽ എത്തുന്നതും യുവതിയോട് സംസാരിച്ച ശേഷം മുന്നോട്ട് പോകുന്നതും കാണാം. യു ടേൺ എടുത്ത് വാഹനം നി‍ർത്തിയ ശേഷം രാകേഷ് നടന്ന് യുവതിക്ക് അടുത്തെത്തി കടന്ന് പിടിച്ച് ആലിംഗനം ചെയ്യുകയായിരുന്നു. എതിർപ്പും നിലവിളിയും വകവയ്ക്കാതെ യുവതിയെ കയറിപ്പിടിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ഉച്ചത്തിൽ നിലവിളിച്ചതോടെ രാകേഷ് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. പ്രതിയെ തിരിച്ചറിഞ്ഞ സോലദേവനഹള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.