ചുഴലിക്കാറ്റ് ആശങ്കവേണ്ട, ജാഗ്രത വേണം: മുരളി തുമ്മാരുകുടി പറയുന്നു

By Web DeskFirst Published Nov 30, 2017, 5:09 PM IST
Highlights

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയുംചുഴലിക്കാറ്റ് ഭീതി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരകുടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ പറയുന്നത്. മരങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ മുതല്‍ സെല്‍ഫി വരെയുള്ള കാര്യങ്ങള്‍ 'തിരുവനന്തപുരത്ത് ചുഴലിക്കാറ്റ്'  എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ വിശദമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരത്തെ ചുഴലിക്കാറ്റ്
തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികള്‍ വരാന്‍ ഇനി അധികം സമയം വേണ്ട.
വാസ്തവത്തില്‍ കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോള്‍ നാം കാണുന്നത്. ശ്രീലങ്കന്‍ തീരത്തു നിന്നും അറബിക്കടലിലൂടെ വടക്കു പടിഞ്ഞാറോട്ട് പോകുന്ന ഒരു കാറ്റാണ്. അതിന്റെ ഓരം പറ്റിക്കിടക്കുന്ന സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ മഴ കിട്ടുന്നതും, കാറ്റെല്ലാം കാണുന്നതും. പരമാവധി വേഗത മണിക്കൂറില്‍ എഴുപത്തി അഞ്ചു കിലോമീറ്റെര്‍ ആണ് പറഞ്ഞിരിക്കുന്നത്, കേരള തീരത്ത് അതിലും കുറവായിരിക്കും. കണ്ടിടത്തോളം നാളെയാവുമ്പോഴേക്കും ഇത് കേരള തീരം വിട്ടു പോവുകയും ചെയ്യും. വടക്കോട്ട് ഇതിന്റെ പ്രഭാവം ഉണ്ടാകാന്‍ സാധ്യത കുറവാണ്.

സാമാന്യമായ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
1. കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് എവിടെയും നില്‍ക്കുന്ന മരങ്ങള്‍ ആണ്. റോഡിലും വീടുകള്‍ക്ക് തൊട്ടു നില്‍ക്കുന്നതും ഒക്കെ മറിഞ്ഞു വീഴാന്‍ വഴിയുണ്ട്. വീടിന് തൊട്ടടുത്ത് വലിയ മരങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
2. നല്ല കാറ്റുള്ള സമയത്ത് വീടിന് പുറത്തിറങ്ങാതിരിക്കുക. കാറ്റുകളുടെ കണക്കില്‍ ഇതൊരു വലിയ സംഭവം ഒന്നുമല്ല, പക്ഷെ കാറ്റില്‍ പറന്നു വരുന്ന എന്തെങ്കിലും ഒക്കെ വന്ന് തലക്കടിച്ചാല്‍ മതിയല്ലോ. നാടുനീളെ അലുമിനിയം റൂഫ് ഉള്ളത് ഒരു പ്രത്യേക റിസ്‌ക് ആണ്.
3. കാറ്റും മഴയും ഒക്കെ ഉള്ളപ്പോള്‍ ഡ്രൈവ് ചെയ്യാതിരിക്കുന്നത് ആണ് കൂടുതല്‍ സുരക്ഷിതം.
4. കരണ്ടു പോകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ആവശ്യത്തിന് വെള്ളവും മൊബൈല്‍ ചാര്‍ജ്ജും ഉണ്ടെന്ന് ഉറപ്പു വരുത്തുക
5. വൈദ്യതി കമ്പികള്‍ മരം വീണും അല്ലാതെയും പൊട്ടി വീഴാന്‍ സാധ്യത ഉണ്ട്. അത് സൂക്ഷിക്കുക
6. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അത് കൊണ്ട് കടലില്‍ പോകരുതെന്നും IMD യുടെ മുന്നറിയിപ്പ് ഉണ്ട്. ശ്രദ്ധിക്കുമല്ലോ.
6. ഒരു ദിവസത്തില്‍ കൂടുതല്‍ ഇതിന്റെ കുഴപ്പം ഉണ്ടാവില്ല എന്ന് പറഞ്ഞല്ലോ, അത് കൊണ്ട് ഒരാഴ്ചത്തേക്കുള്ള ഭക്ഷണ വസ്തുക്കള്‍ ഒന്നും വാങ്ങിക്കൂട്ടേണ്ട ആവശ്യം ഇല്ല
7. പതിവ് പോലെ ഭീതിപരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക. അങ്ങനെ ഒന്ന് കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുക.
8. കാറ്റുകളെ പറ്റി ഏറ്റവും ആധികാരികമായ വിവരം India Meteorological Department നല്‍കുന്നതാണ്. അവര്‍ നല്ല ഒരു റിപ്പോര്‍ട്ട് ഇന്ന് രാവിലെ കൊടുത്തിട്ടുണ്ട്. ഇതില്‍ മാറ്റം വന്നാല്‍ അവര്‍ തന്നെ പുതിയ വിവരം നല്‍കുന്നതാണ്. http://www.imd.gov.in/pages/alert_view.php...
9. കാറ്റിനെ നേരിടാന്‍ എന്തൊക്കെ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ എവിടെ ബന്ധപ്പെടണം എന്നുമൊക്കെ Kerala State Disaster Management Authority താമസിയാതെ അവരുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. http://sdma.kerala.gov.in/
സുരക്ഷിതരായിരിക്കുക, കാറ്റും കടല്‍ ക്ഷോഭവും കാണാനും സെല്‍ഫി എടുക്കാനും പോകരുത്
മുരളി തുമ്മാരുകുടി

click me!