50 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

By Web TeamFirst Published Nov 7, 2018, 5:55 PM IST
Highlights

സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍. 50 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിലായിരുന്നു കൊലപാതകം. മഞ്ചേരി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയിലായി. 50 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണം.

ക്വാറി തൊഴിലാളിയായിരുന്ന മുരളി എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. മറ്റൊരു കേസില്‍ പിടിയിലായ സെബാസ്റ്റ്യന് നിലവില്‍ മംഗലാപുരം ജയിലില്‍ തടവിലാണ്. മഞ്ചേരി പൊലീസാണ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഈയാഴ്ച തന്നെ പ്രതിയെ മലപ്പുറത്തെത്തിക്കും. 1991ലാണ് കേസിനാസ്പദമായ സംഭവം.

മണ്ണാര്‍ക്കാട് സ്വദേശിയും 28കാരനുമായിരുന്ന മുരളിയായിരുന്നു ക്വാറിയിലെ ജോലിക്ക് സെബാസ്റ്റ്യനെ ഒപ്പം കൂട്ടിയത്. ഇതിനിടെ ചീട്ട് കളിക്കുന്നതിനിടെ ഇരുവരും തര്‍ക്കത്തലായി. സെബാസ്റ്റ്യന് നഷ്ടപ്പെട്ട 50 രൂപയെച്ചൊല്ലി വാക്കുതര്‍ക്കവുണ്ടായി. പിന്നാലെ പാറ പൊട്ടിക്കന്‍ ഉപയോഗിക്കുന്ന ഉളിവെച്ച് മുരളിയെ കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ടോടിയ പ്രതിയെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച മംഗലാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ സെബാസ്റ്റ്യന്‍ പിടിയിലാകുന്നത്. താടിയും മുടിയും നരച്ചിരുന്നെങ്കിലും ഫോട്ടോ കണ്ട് സെബാസ്റ്റ്യനെ മഞ്ചേരി പൊലീസ് തിരിച്ചറിയുകയായിരുന്നു.

click me!