
ദില്ലി: മുത്തലാഖ് നിരോധന ബില്ലിനെ എതിർക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർക്ക് മുസ്ലീം വ്യക്തിനിയമ ബോർഡ് കത്തയച്ചു. ബില്ല് കിരാതമെന്നും മുസ്ലീം പുരുഷൻമാരോട് മാത്രം എന്തിന് വിവേചനമെന്നും കത്തിൽ ചോദിക്കുന്നു. മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് മുസ്ലീം ഭർത്താക്കൻമാരുടെ മൗലിക അവകാശത്തെ എതിർക്കുന്നതാണെന്ന് കത്തിൽ പറയുന്നു. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു ബില്ല് കൊണ്ടുവന്ന് മുസ്ലീം പുരുഷൻമാരെ ശിക്ഷിക്കാനുള്ള ഒരു വ്യവസ്ഥ കൂടി അതിൽ ഉൾപ്പെടുത്തുന്നത് എന്തിനെന്നാണ് കത്ത് മുന്നോട്ട് വയ്ക്കുന്ന ചോദ്യം.
വിവാഹമോചനത്തിന് ശേഷം ഭർത്താക്കൻമാരെ ശിക്ഷിക്കാനുള്ള വ്യവസ്ഥ മറ്റൊരു മതത്തിലുമുള്ള പുരുഷൻമാരുടെ മേൽ നിയമം മൂലം ഏർപ്പെടുത്തിയിട്ടില്ല. മുസ്ലീങ്ങളെ മാത്രം ശിക്ഷിക്കാനുള്ള ഒരു നിയമമാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രതിപക്ഷ എംപിമാർ ഈ ബില്ലിനെ ചെറുത്തു തോൽപ്പിക്കണം എന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് കത്തിൽ ആവശ്യപ്പെടുന്നത്.
ഇതിനിടെ ബില്ലിനെതിരായ നീക്കം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ചേർന്ന് ബില്ലിനെതിരെ ഒരേ സ്വരത്തിൽ നിലപാട് എടുക്കുക എന്നാണ് യോഗത്തിന്‍റെ ലക്ഷ്യം. ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ഇടതുപക്ഷം അറിയിച്ചിട്ടുണ്ട്. ബില്ല് അവതരിപ്പിക്കുന്ന വേളയിൽ തന്നെ എതിർത്ത് ബിൽ അവതരണം തടയാനാകുമോ എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
ലോക്സഭയിൽ ബില്ല് അവസാനം വോട്ടിനിട്ടപ്പോൾ കോൺഗ്രസ് ഉൾപ്പെടെ പത്ത് പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. മുസ്ലീം ലീഗ്, ആർഎസ്പി, എംഐഎം തുടങ്ങിയ പാർട്ടികൾ അന്ന് സഭയിൽ ഇരിക്കുകയും സിപിഎമ്മിനൊപ്പം ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യം ഒഴിവാക്കി എല്ലാ പാർട്ടികളേയും ഒരുമിപ്പിച്ച് ബില്ലിനെതിരെ അണിനിരത്താനാണ് കോൺഗ്രസിന്‍റെ നീക്കം. സിപിഎമ്മും സിപിഐയും യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam