
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ആൾക്കൂട്ട ആക്രമണത്തിന്റെ കല്ലേറിൽ പൊലിസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ സുരേഷ് വത്സ് എന്ന പൊലിസ് ഉദ്യോഗസ്ഥനെ ആൾക്കൂട്ടം കല്ലെറിഞ്ഞത്. നോഹാര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്.
സംഭവത്തിൽ ഏഴ് പൊലിസുദ്യോഗസ്ഥരുടെ കാലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ് വത്സ്. പ്രധാനമന്ത്രി പങ്കെടുത്ത റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സുരേഷ് വത്സ്. അപ്പോഴാണ് സംവരണം ആവശ്യപ്പെട്ട് നിഷാദ് വിഭാഗത്തിൽ പെട്ട ആളുകൾ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ഡ്യൂട്ടിക്കായി എത്താൻ ഇദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചത്. ദേശീയപാത ഉപരോധിച്ച സമരക്കാരെ വഴിയിൽ നിന്ന് നീക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കല്ലെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എന്നാൽ നിഷാദ് പാർട്ടി പ്രസിഡന്റ് സജ്ഞയ് ഈ ആരോപണത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. തന്റെ പാർട്ടി പ്രവർത്തകരല്ല കല്ലേറിന് പിന്നിൽ എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ബിജപി തങ്ങൾക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ജനാധിപത്യ രീതിയിൽ തന്നെയാണ് സംവരണം ആവശ്യപ്പെട്ട് സമരം ചെയ്തത്. തങ്ങളുടെ പാർട്ടിക്കാരിൽ ആരെങ്കിലുമാണ് ഈ സംഭവത്തിന് പിന്നിലെങ്കിൽ അവർക്കെതിരെ കർശനമായി നടപടിയെടുക്കുമെന്നും സജ്ഞയ് പറഞ്ഞു.
ഈ മാസം ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ സമാനമായ സാഹചര്യത്തിൽ സുബോധ് കുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam