മുത്തലാഖ് ബില്‍ പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗ് മുന്‍കയ്യെടുക്കും: കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Dec 31, 2018, 10:36 AM IST
Highlights

കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്ല് പരാജയപ്പെടുത്താൻ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്  മുൻകൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍  യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്ല് പരാജയപ്പെടുത്താൻ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്  മുൻകൈ എടുക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബില്ലിനെ എതിര്‍ക്കാന്‍  യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ കൂടി സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് ബില്ലിനെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ്‌ എതിർത്തിരുന്നില്ല. ഉത്തരേന്ത്യൻ സാഹചര്യം വച്ചാണ് കോൺഗ്രസ്‌ അന്ന് ആ നിലപാട് എടുത്തത്. ലീഗിന്റെ മുൻകയ്യിലാണ്‌ കോൺഗ്രസ്‌ നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി ബില്ലുമായി വന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ലോക്സഭ പാസാക്കിയ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയിലെത്തുകയാണ്.  ഇരുപക്ഷവും നിര്‍ബന്ധമായും സഭയിലെത്താന്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയുറപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് ഭരണപക്ഷം. അതേസമയം ബിജെപി വിരുദ്ധ കക്ഷികളുടെ പിന്തുണ കൂടി ഉറപ്പിച്ച് ബില്ലിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 

ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് കോൺഗ്രസ് ഉൾപ്പടെ പത്ത് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യസഭയുടെ അജണ്ടയിൽ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

116 എംപിമാർ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. അതേസമയം, ലോക്‍സഭയിൽ റഫാൽ ഇടപാടിൽ ജെപിസി രൂപീകരിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധവും കോണ്‍ഗ്രസ്  തുടരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തിലുള്ള ചർച്ച ഇന്നും ലോക്സഭയുടെ അജണ്ടയിൽ ഉണ്ട്. 

നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.  ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 

click me!