
മൂവാറ്റുപുഴ: മനോനില തെറ്റിയതെന്നു കരുതുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് മൂവാറ്റുപുഴ വാഴക്കുളത്തെ ഒരു വീട്ടിൽ
കയറി ആക്രമണം നടത്തി. ശരീരം മുഴുവൻ സ്വയം മുറിച്ച യുവാവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. വാഴക്കുളം
ടൗണിനടുത്തുളള പേടിക്കാട്ടുകൂന്നേൽ പി.ജെ. പോളിന്‍റെ വീട്ടിലാണ് സംഭവം നടന്നത്.
രണ്ടു നില വീടിന്റെ താഴത്തെ നിലയിലുള്ള ജനാല ചില്ലുകൾ മുഴുവനും , പോർച്ചിൽ കിടന്ന കാറിന്റെ ചില്ലുകളും ഇയാൾ അടിച്ചു
തകർത്തു. വലിയ വാഹനത്തിനുപയോഗിക്കുന്ന ജാക്കി ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം നടക്കുമ്പോൾ വീട്ടിൽ പോളിന്റെ
ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് അവർ ഒച്ചവച്ച് അയൽക്കാരെ വിളിച്ചു വരുത്തി.
ആളുകളെത്തിയപ്പോൾ ഔട്ട് ഹൗസിൽ കയറി ഒളിച്ച അക്രമി ശരീരത്തിൽ പലയിടത്തും സ്വയം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു.
നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്നെത്തിയ വാഴക്കുളം പോലീസ് അക്രമിയെ കോട്ടയം മെഡിക്കൽ കോളേജിലേക്കു
കൊണ്ടുപോയി. അവശ നിലയിൽ കാണപ്പെട്ടയാളിൽ നിന്ന് പേരോ വിവരങ്ങളോ മനസ്സിലാക്കാൻ പോലീസിനായില്ല. തല്ലിപ്പൊട്ടിച്ച
ജനൽ ചില്ലുപയോഗിച്ചാവാം ഇയാൾ ശരീരത്ത് മുറിവുകളുണ്ടാക്കിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam