ദുരൂഹതകള്‍ അവസാനിക്കാതെ കെവിന്റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

Web Desk |  
Published : Jun 03, 2018, 11:29 AM ISTUpdated : Jun 29, 2018, 04:29 PM IST
ദുരൂഹതകള്‍ അവസാനിക്കാതെ കെവിന്റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

Synopsis

അസ്വഭാവിക മരണത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് അന്വേഷണസംഘം കെവിന്റെ നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവുകളോ ചതവുകളോ ഇല്ല ദുരൂഹത പടര്‍ത്തി കണ്ണിന്റെ മുകളിലേറ്റ ക്ഷതം

കോട്ടയം: ദുരൂഹതകള്‍ അവസാനിക്കാതെ കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മുങ്ങിമരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെങ്കിലും അസ്വഭാവിക മരണത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് അന്വേഷണസംഘം വിശദമാക്കുന്നത്. കെവിന്റെ ശരീരത്തിലെ മുറിവുകള്‍ സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമുള്ളത്. 

കെവിന്റെ ശ്വാസകോശത്തിന്റെ ഒരു പാളിയില്‍ നിന്ന് 150 മില്ലിലിറ്ററും അടുത്തതില്‍ നിന്ന് 120 മില്ലിലിറ്റര്‍ വെള്ളവും ലഭിച്ചതാണ് സംഭവം മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാല്‍ പുഴയില്‍ വീഴുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നോയെന്ന കാര്യത്തെ കുറിച്ചാണ് ഇനിയും വ്യക്തത വരാനുള്ളത്. നിലവില്‍ മുങ്ങിമരണം അല്ലെങ്കിൽ അബോധാവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയിലാണു കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്ക് നയിക്കാന്‍ സാധ്യതയില്ലാത്ത 16 മുറിവുകളാണ് കെവിന്റെ ശരീരത്തില്‍ ഉള്ളത്. കെവിന്റെ നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവുകളോ ചതവുകളോ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല.എന്നാല്‍ കണ്ണിന്റെ മുകളിലേറ്റ ക്ഷതം, മുഖത്തിടിച്ചതില്‍ നിന്നുണ്ടായതാകം. ഈ ക്ഷതത്തോടെ കെവിന്‍ ബോധരഹിതനാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു. 

കെവിനെ വലിച്ചിഴച്ച മുറിവുകളും ദുരൂഹത പടര്‍ത്തുന്നതാണ്. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽത്തരിയോ ഇലയോ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. കാറിനുള്ളില്‍ വച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെവലിച്ചിഴച്ചു പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. ശരീരത്തിലെയും മുങ്ങിമരിച്ച ജലാശയത്തിലെയും ജലത്തിന്റെ ഘടന കണ്ടെത്തുന്ന ഡയാറ്റം പരിശോധന, ശരീരത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കേണ്ടതുണ്ട്. ഇതിന് ഒരാഴ്ചത്തെ കാലതാമസം നേരിടും അതിനുമുമ്പ് മരണ കാരണം സംബന്ധിച്ച സൂചനകൾ ലഭിക്കുന്നതിനാണു വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ ഉപദേശം അന്വേഷണ സംഘം തേടുന്നത്.

കെവിന്റെ ശരീരത്തിൽ പ്രാഥമികമായി മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. വിഷമോ മയക്കുമരുന്നോ കുത്തി വച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ വിദഗ്ധപരിശോധന നടത്തും. കെവിന്റെ ശരീരത്തിലെ എല്ലിന്റെ മജ്ജയിൽനിന്നുള്ള ഏക കോശ ജീവികളെയും ജലാശയത്തിലെ ഏകകോശ ജിവികളും ഒന്നാണോ എന്ന് വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താം. ഇവ ഒന്നാണെങ്കിൽ കെവിന്റേത് സ്വാഭാവിക മുങ്ങിമരണം ഉറപ്പിക്കാമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘമുള്ളത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്