
തിരുവനന്തപുരം: മലയൻകീഴിൽ ജനൽ തകർത്ത് വീടിനകത്തെത്തിയ വെടിയുണ്ട മുക്കുന്നി മലയിലെ ഫയറിംഗ് സ്റ്റേഷനിൽ നിന്ന് തൊടുത്തതെന്ന് പൊലീസ് നിഗമനം . സൈനിക വിഭാഗം ഉപയോഗിക്കുന്ന തോക്കിൽ നിന്നുള്ള വെടിയുണ്ടയാണെന്ന് ബാലസ്റ്റിക് പരിശോധനയിൽ വ്യക്തമായി. സംഭവ സ്ഥലം സൈനിക ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ബാലസ്റ്റിക്-ഫോറൻസിക വിദഗ്ദരും സൈനികോദ്യോഗസ്ഥരും ഇന്ന് വിശദമായ പരിശോധന നടത്തി. സെൽഫ് ലോഡിംഗ് റൈഫിൾ ഇനത്തിലെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാണിതെന്ന് പ്രഥമിക പരിശോധനയിൽ വ്യക്തമായി .ഇത്തരം തോക്കുകൾ സൈനിക-അർധ സൈനിക വിഭാഗങ്ങളാണ് ഉപയോഗിക്കുന്നത് . വീട്ടിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ അപ്പുറമുള്ള മുക്കുന്നി മലയിലെ ഷൂട്ടിംഗ് റേഞ്ചിൽ ശനിയാഴ്ച സിആർപിഎഫ് ഫയറിംഗ് പരിശീലനം നടത്തിയിരുന്നു.
ഇതിനിടെയാവാം ദിശ മാറി വെടിയുണ്ടെയത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം.വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഷൂട്ടിംഗ് റേഞ്ചിൽ സൈനിക-അർദ്ധ സൈനിക വിഭാഗങ്ങൾ പരിശീലനം നടത്താറുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുക്കും. സ്ഥലത്തെത്തിയ സൈനിക ഉദ്യോഗസ്ഥർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല..മലയിൻകീഴ് എസ്ഐ സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .വെടിയുണ്ട കൂടുതൽ പരിശോധനകൾക്കായി കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam